തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കവർച്ചാക്കേസില്‍ തന്ത്രി കണ്ഠരര് രാജീവരര് അറസ്റ്റില്‍. രാവിലെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് ശേഷമാണ് എസ്‌ഐടി തന്ത്രിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. തന്ത്രിയെ രാത്രിയോടെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രിയ്ക്കുള്ള ബന്ധത്തിന് എസ്‌ഐടിക്ക് കൃത്യമായ തെളിവ് ലഭിച്ചിട്ടുണ്ട്. 2018 മുതല്‍ നിരവധി കൂടിക്കാഴ്ച ഇരവരും നടത്തിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയിലേക്ക് കൊണ്ടുവന്നതും, സ്വാധീനം ഉണ്ടാക്കി കൊടുത്തതും തന്ത്രിയാണെന്ന് എസ്‌ഐടിക്ക് കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണ്ണപ്പാളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി പറയുന്നതനുസരിച്ച് തന്ത്രി ഒത്താശ ചെയ്തുവെന്നും എസ്ഐടിക്ക് തെളിവ് ലഭിച്ചത്.
ഗൂഢാലോചനയില്‍ കൃത്യമായ പങ്ക് തന്ത്രി കണ്ഠരര് രാജീവരിന് ഉണ്ടെന്നാണ് എസ്ഐടി പറയുന്നത്. സ്വര്‍ണ്ണക്കൊള്ളയില്‍ തന്ത്രിക്ക് അറിവും സമ്മതവും ഉണ്ടായിരുന്നു. എ പത്മകുമാര്‍, തന്ത്രി കണ്ഠരര് രാജീവരര്, ഉണ്ണികൃഷ്ണന്‍ പോറ്റി എന്നിവര്‍ അറിഞ്ഞുകൊണ്ട് നടത്തിയ കൊള്ളയാണ് ശബരിമലയില്‍ നടന്നതെന്നാണ് എസ്ഐടി കണ്ടെത്തിയിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ പലയിടത്തും ശിപാര്‍ശ ചെയ്തത് തന്ത്രിയാണെന്ന് ചില ക്ഷേത്രം ഭാരവാഹികള്‍ എസ്‌ഐടിയ്ക്ക് മൊഴി നല്‍കിയിരുന്നു.
