കാലടി : മലയാറ്റൂർ മുണ്ടങ്ങമറ്റത്ത് നിന്ന് കാണാതായ 19 കാരിയായ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാകം തന്നെയെന്ന നിഗമനത്തിൽ പൊലീസ്. മുണ്ടങ്ങാമറ്റം സ്വദേശിനിയും ബെംഗളൂരുവിൽ ഏവിയേഷൻ വിദ്യാർത്ഥിയുമായ ചിത്രപ്രിയ(19)യെ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചിത്രപ്രിയയുടെ തലയ്ക്കു പിന്നിൽ കണ്ട ആഴത്തിലുള്ള മുറിവ്, കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നതിൻ്റെ ലക്ഷണമായിരിക്കാമെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ യഥാർത്ഥ മരണകാരണം വ്യക്തമാകൂ എന്നും പോലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം ബുധനാഴ്ച പത്തുമണിക്ക് കളമശ്ശേരി മെഡിക്കൽ കോളേജിൽ നടക്കും.
ചിത്രപ്രിയയെ കഴിഞ്ഞ ശനിയാഴ്ചയാണ് കാണാതായത്. അടുത്തുള്ള കടയിൽ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി പിന്നീട് തിരിച്ചു വരാതിരുന്നതിനെ തുടർന്ന് അമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കാലടി പോലീസ് അന്വേഷണം നടത്തിവരവെയാണ് കഴിഞ്ഞ ദിവസം മലയാറ്റൂരിനടുത്തുള്ള ഒഴിഞ്ഞ പറമ്പിൽ നിന്നും പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്.
സംഭവത്തിൽ നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ചിത്രപ്രിയ മറ്റൊരാൾക്കൊപ്പം ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ഞായറാഴ്ച രാത്രി 1. 53 സമയത്തുള്ള ദൃശ്യങ്ങളാണ് ഇത്. മറ്റൊരാൾ ബൈക്കിൽ മുന്നിൽ പോകുന്നതും വീഡിയോയിലുണ്ട്. കാണാതായി 4 ദിവസത്തിന് ശേഷമാണ് വീടിന് ഒരു കിലോമീറ്റർ അകലെയുള്ള ഒഴിഞ്ഞ പറമ്പിൽ നിന്നും ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്.
അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനടുത്ത് നിന്ന് രക്തക്കറയുള്ള കല്ല് പോലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിൽ ചിത്രപ്രിയയുടെ ആൺ സുഹൃത്ത് അലനെ പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. ഇയാളെ ഇന്നലെ ഒരു തവണ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. അലനടക്കം കൂടുതൽ ആളുകളെ കാലടി പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.
