തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കർച്ചാക്കേസുമായി ബന്ധപ്പെട്ട് ജയിൽവാസമനുഭവിക്കുന്ന തന്ത്രി കണ്ഠര് രാജീവരുടെ പണമിടപാടുകളിൽ അതീവ ദൂരൂഹതയെന്ന് പ്രത്യേക അന്വേഷണ സംഘം. തിരുവല്ലയിലെ സ്വകാര്യ ബാങ്കിൽ രണ്ടര കോടി രൂപയോളമാണ് തന്ത്രി നിക്ഷേപിച്ചിരുന്നത്. എന്നാൽ ബാങ്ക് തകർന്നിട്ടും ഇതുവരെ തന്ത്രി പരാതി നൽകിയിട്ടില്ലെന്നതാണ് എസ്ഐടിക്ക് സംശയം ജനിപ്പിക്കുന്നത്. തന്ത്രിയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കവെയാണ് എസ്ഐടിക്ക് ഈ നിർണ്ണായക വിവരം ലഭിച്ചത്.
ചോദ്യം ചെയ്യൽ വേളയിലൊന്നും തന്ത്രി എസ്ഐടിയോട് തിരുവല്ലയിലെ സ്വകാര്യ ബാങ്കിലെ നിക്ഷേപത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നില്ല എന്നതാണ് ശ്രദ്ധേയം. വെള്ളപ്പൊക്കത്തിൽ കുറച്ചു പണം നഷ്ടമായത് പറഞ്ഞപ്പോഴും ബാങ്ക് തകർന്ന് പണം നഷ്ടപ്പെട്ട കാര്യം വെളിപ്പെടുത്തിയില്ല. ഇതാണ് രണ്ടര കോടിയിലേക്കുള്ള അന്വേഷണത്തിന് എസ്ഐടിയെ ആക്കം കൂട്ടിയത്. നിലവിൽ റിമാൻഡ് കാലാവധി 14 ദിവസം കൂടി നീട്ടിയതിനാൽ തന്ത്രി ജയിലിൽ തന്നെയാണ്. ജാമ്യാപേക്ഷ ഈ മാസം 28ന് വിജിലൻസ് കോടതി പരിഗണിക്കാനിരിയ്ക്കുകയാണ്.
അതേസമയം, ശബരിമല സ്വർണ്ണക്കവർച്ചയിൽ റിമാൻഡിലായിരുന്ന മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലുമാണ് ജാമ്യം ലഭിച്ചിരുന്നു. സ്വർണ്ണക്കൊള്ള കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങുന്ന ആദ്യ പ്രതിയാണ് മുരാരി ബാബു. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് കർശന ഉപാധികളോടെ കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്.
