കൊച്ചി : ആദ്യത്തെ കണ്മണി പിറന്നത് പെണ്‍കുഞ്ഞായതിൻ്റെ പേരില്‍ യുവതിക്ക് ഭര്‍ത്താവിൻ്റെ ക്രൂരമര്‍ദ്ദനം. പെണ്‍കുട്ടിയായിപ്പോയത് ഭാര്യയുടെ കുറ്റം കൊണ്ടാണെന്ന് ആരോപിച്ചായിരുന്നു പീഡനം. നാല് വര്‍ഷത്തോളമായി യുവതി ഇതിൻ്റെ പേരിൽ ഭര്‍ത്താവില്‍ നിന്ന് കൊടിയ മര്‍ദ്ദനം അനുഭവിച്ചുവരികയാണെന്ന് പറയുന്നു. അങ്കമാലിയിലാണ് സംഭവം
യുവതിയെ ഉപദ്രവിച്ച ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു. മർദ്ദനത്തിൽ പരുക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് ഭർത്താവിൻ്റെ ക്രൂരതയുടെ വിവരങ്ങള്‍ പുറത്തറിയുന്നത്. യുവതി നടന്ന സംഭവങ്ങള്‍ ഡോക്ടറോട് പറയുകയായിരുന്നു. 2020-ൽ വിവാഹിതരായ ഇവർക്ക് 2021ലാണ് പെണ്‍കുഞ്ഞ് പിറക്കുന്നത്. അപ്പോള്‍ മുതല്‍ ഭർത്താവിൽ നിന്ന് യുവതി കൊടിയ ഉപദ്രവം നേരിടുന്നു . യുവതിയെ ചികിത്സിച്ച ഡോക്ടറാണ് വിവരം അങ്കമാലി പോലീസിൽ അറിയിച്ചത്.
കുഞ്ഞിനേയും ഭര്‍ത്താവ് മര്‍ദ്ദിക്കുമായിരുന്നെന്ന് യുവതി പോലീസിനോട് വെളിപ്പെടുത്തി. യുവതിയെ വീട്ടുകാര്‍ക്ക് മുന്നില്‍ വെച്ച് അസഭ്യം പറയുന്നതും പതിവാണെന്നും പൊലീസ് പറയുന്നു. കേസുമായി ബന്ധപ്പെട്ട് പോലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. അറസ്റ്റ് ഉടൻ ഉണ്ടായേക്കും. യുവതി പുത്തന്‍കുരിശ് സ്വദേശിയാണെന്നാണ് വിവരം