തിരുവനന്തപുരം : പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്‌സിൻ മുൻകൈയെടുത്ത് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ച ‘മാനസമിത്ര’ പദ്ധതിക്ക് അംഗീകാരം. നമ്മുടെ കുട്ടികളുടെയും യുവാക്കളുടെയും മാനസികാരോഗ്യ സംരക്ഷണം മുൻനിർത്തി ആവിഷ്കരിച്ച അതീവ പ്രാധാന്യമുള്ള ഒരു പദ്ധതിയാണിതെന്നും ആധുനിക കാലത്ത് വിദ്യാർത്ഥികൾ നേരിടുന്ന അക്കാദമിക് സമ്മർദ്ദം, ഉത്കണ്ഠ, ഡിജിറ്റൽ അഡിക്ഷൻ, ലഹരി ഉപയോഗം തുടങ്ങിയ വെല്ലുവിളികളെ ശാസ്ത്രീയമായി നേരിടാൻ ഈ പദ്ധതി സഹായകരമാകുമെന്നും റിപ്പോർട്ട് ഏറ്റുവാങ്ങിയ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. റിപ്പോർട്ട് സർക്കാർ വിശദമായി പരിശോധിക്കുകയും പൊതുവിദ്യാഭ്യാസ രംഗത്ത് ഇത് പ്രായോഗികമായി നടപ്പിലാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പട്ടാമ്പിയെ രാജ്യത്തെ ആദ്യത്തെ ‘വൈജ്ഞാനിക നിയോജകമണ്ഡല’മായി ഉയർത്തുന്നതിനുള്ള സുപ്രധാനമായ ചുവടുവെപ്പിനാണ് ‘മാനസമിത്ര’ പദ്ധതി തുടക്കമിടുന്നത്. കോഴിക്കോട് ഇംഹാൻസിലെ വിദഗ്ധർ, പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കോൾ-കേരള, എസ്.സി.ഇ.ആർ.ടി എന്നീ ഏജൻസികൾ എന്നിവരെ ഏകോപിപ്പിച്ചുകൊണ്ടാണ് ഈ സമഗ്രമായ കർമ്മപദ്ധതി രൂപീകരിച്ചിരിക്കുന്നത്. സ്കൂൾ തലത്തിൽ മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കാവുന്ന ഈ പദ്ധതിയുടെ റിപ്പോർട്ടും അദ്ധ്യാപകർക്കുള്ള പരിശീലന മോഡ്യൂളുകളും എം.എൽ.എ സർക്കാരിന് കൈമാറി.
കുട്ടികളുടെ മാനസിക നിലവാരം മെച്ചപ്പെടുത്തുന്നതിനും അവർക്ക് കരുത്തുറ്റ ഒരു ഭാവി ഉറപ്പാക്കുന്നതിനും ഇത്തരം ഇടപെടലുകൾ അനിവാര്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സ്കോൾ കേരള എക്സിക്യൂട്ടീവ് ഡയറക്ടർ ജിനേഷ് കുമാർ എരമവും ചടങ്ങിൽ പങ്കെടുത്തു.
