ന്യൂഡൽഹി : എട്ടാം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്തകത്തിൽ നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെ കുറിച്ച് പരാമർശിക്കുന്ന പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയത് പിൻവലിച്ച് എൻ.സി.ഇ.ആർ.ടി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വിഷയത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയും രൂക്ഷമായി വിമർശിക്കുകയും ചെയ്തതിന് പിന്നാലെയാണ് നടപടി. തികച്ചും അവിചാരിതമായി സംഭവിച്ചതാണെന്നും സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും എൻ.സി.ഇ.ആർ.ടി അറിയിച്ചു.
പുതിയതായി പുറത്തിറക്കിയ എട്ടാം ക്ലാസിലെ ‘Exploring Society: India and Beyond, Vol II’ എന്ന പുസ്തകത്തിലെ നാലാം അദ്ധ്യായമായ ‘നമ്മുടെ സമൂഹത്തിൽ നീതിന്യായ വ്യവസ്ഥയുടെ പങ്ക്’ എന്ന ഭാഗത്താണ് വിവാദ പരാമർശങ്ങൾ ചേർത്തത്. വിഷയത്തിൽ സുപ്രീം കോടതി രൂക്ഷവിമർശനം ഉന്നയിക്കുകയും പുസ്തകത്തിന്റെ വിതരണം തടയാൻ ഉത്തരവിടുകയും ചെയ്തതിന് പിന്നാലെയാണ് ഖേദപ്രകടനം നടത്തി പാഠഭാഗങ്ങൾ പിൻവലിച്ച് തടിയൂരാനുള്ള എൻ.സി.ഇ.ആർ.ടി ശ്രമം.
“പിശക് തികച്ചും അവിചാരിതമാണ്. അനുചിതമായ കാര്യങ്ങൾ പാഠഭാഗത്ത് ഉൾപ്പെട്ടതിൽ എൻസിഇആർടി ഖേദിക്കുന്നു. ഭരണഘടനാപരമായ അറിവ്, സ്ഥാപനങ്ങളോടുള്ള ബഹുമാനം, ജനാധിപത്യ പങ്കാളിത്തത്തെക്കുറിച്ചുള്ള അവബോധം എന്നിവ വിദ്യാർത്ഥികളിൽ വളർത്തുക എന്നതാണ് പുതിയ പാഠപുസ്തകങ്ങളുടെ ലക്ഷ്യം.” – എൻ.സി.ഇ.ആർ.ടി പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്കൂൾ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പിന്റെ നിർദ്ദേശത്തെ തുടർന്ന് പുസ്തകത്തിന്റെ വിതരണം നിർത്തിവയ്ക്കുകയും വിപണിയിൽ നിന്ന് പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. ഈ അദ്ധ്യായം ഇപ്പോൾ ഉചിതമായ അധികാരികളുമായി കൂടിയാലോചിച്ച് മാറ്റിയെഴുതുകയും 2026–27 അക്കാദമിക് സെഷൻ മുതൽ വിദ്യാർത്ഥികൾക്കായി പുന:പ്രസിദ്ധീകരിക്കുകയും ചെയ്യും.
ഭരണഘടനയുടെ സംരക്ഷകനും മൗലികാവകാശങ്ങളുടെ സംരക്ഷകനും എന്ന നിലയിൽ ജുഡീഷ്യറിയെ ഏറ്റവും ഉയർന്ന ബഹുമാനത്തിൽ നിലനിർത്തുന്നുവെന്ന് എൻസിആർടി ഊന്നിപ്പറഞ്ഞു. പുതിയ പാഠപുസ്തകങ്ങളുടെ ലക്ഷ്യം വിദ്യാർത്ഥികൾക്കിടയിൽ ഭരണഘടനാ സാക്ഷരതയും സ്ഥാപനപരമായ ബഹുമാനവും ശക്തിപ്പെടുത്തുക എന്നതാണെന്നും ഒരു ഭരണഘടനാ സ്ഥാപനത്തിന്റെയും അധികാരത്തെ ചോദ്യം ചെയ്യാനോ താഴ്ത്തിക്കെട്ടാനോ ഉദ്ദേശിച്ചിട്ടില്ലെന്നും കൗൺസിൽ വ്യക്തമാക്കി.
മുതിർന്ന അഭിഭാഷകരായ കപിൽ സിബലും അഭിഷേക് സിംഗ്വിയും വിഷയം സുപ്രിം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് എൻ.സി.ഇ.ആർ.ടിക്ക് എതിരെ സ്വമേധയാ കേസ് എടുത്തത്. പാഠപുസ്തകത്തിലെ ഉള്ളടക്കം ഗൗരവകരമായ കാര്യമാണെന്നും നീതിന്യായ വ്യവസ്ഥയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന നീക്കങ്ങൾ അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. വിഷയത്തിൽ ആശങ്ക ഉന്നയിച്ച് ഹൈക്കോടതി ജഡ്ജിമാരിൽ നിന്നടക്കം നിരവധി സന്ദേശങ്ങൾ തനിക്ക് ലഭിച്ചതായും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
എട്ടാം ക്ലാസിലെ സോഷ്യൽ സയൻസ് പാഠപുസ്തകത്തിൽ ഇന്ത്യയിലെ കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളെ കുറിച്ച് വിവരിക്കുന്ന ഭാഗത്താണ് ജുഡീഷ്യറിയിലെ അഴിമതിയെ കുറിച്ചുള്ള പരാമർശവുമുള്ളത്. ജഡ്ജിമാരുടെ കുറവ്, സങ്കീർണ്ണമായ നടപടിക്രമങ്ങൾ, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നിവയ്‌ക്കൊപ്പം അഴിമതി കൂടി നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ ബാധിക്കുന്നതായി പുസ്തകത്തിൽ പരാമർശിച്ചിരുന്നു.
