തിരുവനന്തപുരം : കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് പുതുചരിത്രം രചിച്ച് സംസ്ഥാന ബജറ്റ്. പണമില്ലാത്തതിൻ്റെ പേരിൽ സംസ്ഥാനത്ത് ഇനി ഒരു വിദ്യാർത്ഥിയ്ക്കും ബിരുദ പഠനം മുടങ്ങിപ്പോകില്ല. ബിരുദതലം വരെയുള്ള വിദ്യാഭ്യാസം സൗജന്യമായി പ്രഖ്യാപിച്ചു സർക്കാർ. നിലവിൽ പ്ലസ്ടു വരെയായിരുന്നു സൗജന്യ വിദ്യാഭ്യാസം ഇനി ബിരുദ തലത്തിലേക്കും വ്യാപിപ്പിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഉന്നതപഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവരുന്ന സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമാകുന്നതാണ് ഈ തീരുമാനം.
പിപിപി മാതൃകയിൽ കേരള യൂണിവേഴ്സിറ്റി ഫോർ സ്കിൽ ഡെവലപ്മെൻ്റ് & എൻ്റർപ്രണർഷിപ്പ് ആരംഭിക്കുന്നതിനായി സർക്കാർ ലക്ഷ്യമിടുകയാണ്. വിഷൻ 2031ൻ്റെ ഭാഗമായി ഞങ്ങൾ പ്രഖ്യാപിച്ച പദ്ധതിയുടെ സാധ്യതാ പഠനത്തിനും ഡിപിആറിനുമായി 25 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു. നമ്മുടെ നാട്ടിൽ കടന്നുവരുന്ന നൂതന സാങ്കേതിക വിദ്യയിലൂന്നിയ വ്യവസായങ്ങൾക്ക് ആവശ്യമായ സ്കിൽ സെറ്റോട് കൂടിയ ബിരുദധാരികളെ ഉണ്ടാക്കിയെടുക്കുന്നതിന് ഈ യൂണിവേഴ്സിറ്റി സഹായകമാകും.
ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 851.46 കോടി രൂപയും സ്‌കൂൾ കുട്ടികളുടെ സൗജന്യ യൂണിഫോം പദ്ധതിക്ക് 150 കോടിയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. പബ്ലിക് വൈഫൈക്ക് 15 കോടിയും എം.ടി മെമ്മോറിയൽ സാംസ്‌കാരിക കേന്ദ്രത്തിന് 1.5 കോടിയും നീക്കിവെച്ചു.
