കായംകുളം : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു. പ്രതിഭയ്ക്കെതിരെ ലീഗ് നേതാവ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ നടപടിയെടുത്ത് യുഡിഎഫ്. യുഡിഎഫ് കൺവൻഷനിൽ പ്രതിഭയ്ക്കെതിരെ മോശം പരാമർശം നടത്തിയ എ. ഇർഷാദിനെ കായംകുളം നിയോജകമണ്ഡലം ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കി. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എച്ച്. ബഷീർ കുട്ടിക്കാണ് പകരം ചുമതല.
സോഷ്യൽ മീഡിയയിലടക്കം ലീഗ് നേതാവിനും യുഡിഎഫിനുമെതിരെ കടുത്ത വിമർശനം ഉയർന്ന സാഹചര്യത്തിൽ കൂടിയായിരുന്നു നടപടി. ഒരു സ്ത്രീക്കെതിരെ നടത്തിയ മോശമായ പ്രസ്താവന കേവലം ഖേദപ്രകടനത്തിൽ ഒതുങ്ങുന്ന ഒന്നല്ലെന്ന വിലയിരുത്തലിലാണ് ഈ നീക്കം. ഖേദപ്രകടനം എന്നത് രാഷ്ട്രീയ മര്യാദയുടെ ഭാഗമാണെങ്കിലും ഇത്രയും മോശമായ വാക്കുകൾ ഉപയോഗിച്ച നേതാവിനെ സ്ഥാനത്ത് നിലനിർത്തുന്നത് മുന്നണിക്ക് ഗുണകരമല്ലെന്ന വിലയിരുത്തുകളെ തുടർന്നാണ് നടപടിയെന്നാണ് വിവരം.
യുഡിഎഫ് തലത്തിലുള്ള നടപടിക്ക് പിന്നാലെ മുസ്ലിം ലീഗ് പാർട്ടി തലത്തിലും ഇർഷാദിനെതിരെ അച്ചടക്ക നടപടിയെടുത്തേക്കും. ലീഗ് നേതാവിൻ്റെ സ്ത്രീവിരുദ്ധ പരാമർശം ഇടതുപക്ഷം ഇതിനിടെ തന്നെ ശക്തമായ പ്രചരണായുധമാക്കി കഴിഞ്ഞു. വരും ദിവസങ്ങളിലും സംസ്ഥാനത്ത് അങ്ങോളമിങ്ങോളം എൽഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് വേദികളിൽ ഇത് അലയടിക്കുമെന്നതും ഉറപ്പാണ്
