Wednesday, April 1, 2026

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധിച്ച് ഫെഫ്കയിൽ നിന്ന് രാജിവെച്ച് ഭാഗ്യലക്ഷ്മി

Date:

തിരുവനന്തപുരം : ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവെച്ചു. നടന്‍ ദിലീപിനെ സംഘടന തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജി.  വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്ന ഒരു സംഘടനയുടെയും ഭാഗമാകാൻ ഇനിയില്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു. നേരത്തെ സോഷ്യൽ മീഡിയയില്‍ പങ്കുവെച്ച വിഡിയോയിലൂടെ ഇക്കാര്യം വ്യക്തമാക്കിയ ഭാഗ്യലക്ഷ്മി പത്രസമ്മേളനത്തിലും ഇത് ആവർത്തിച്ചു.

വേട്ടക്കാരനും അയാളെ പിന്തുണയ്ക്കുന്നവരുമുള്ള സംഘടനയില്‍ കുറ്റബോധമില്ലാതെ ഇരിക്കാനാകില്ലെന്നും അതിനാലാണ് രാജിയെന്നുമാണ് ഭാഗ്യലക്ഷ്മിയുടെ പക്ഷം. നീതിയ്ക്കും അനീതിയ്ക്കും ഒപ്പം ഒരുമിച്ച് ആര്‍ക്കും നില്‍ക്കാനാകില്ല. അതിജീവിതയ്ക്കും വേട്ടക്കാരനും ഒപ്പമെന്നാണ് ഇപ്പോഴും സിനിമാ സംഘടനകള്‍ പറയുന്നത്.

ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരു അഭിപ്രായം പറയണമെങ്കില്‍ ഫെഫ്ക എന്ന സംഘടനയ്ക്ക് ഒരു ജനറല്‍ കൗണ്‍സില്‍ ഉണ്ട്. ആ കൗണ്‍സിലിനോട് ആലോചിച്ച് യുക്തമായ തീരുമാനം എടുക്കും എന്നൊരു മറുപടിയാണ് സെക്രട്ടറിയില്‍ നിന്നോ പ്രസിഡന്റില്‍ നിന്നോ പ്രതീക്ഷിക്കുന്നത്. സെക്രട്ടറി സ്വന്തമായിട്ട് അപേക്ഷ കിട്ടിയാല്‍ സ്വീകരിക്കും എന്ന് പറയാന്‍ പാടില്ല. അത് ഏകാധിപത്യ തീരുമാനമാണ് – അവര്‍ കുറ്റപ്പെടുത്തി. വിചാരണക്കോടതിയ്ക്ക് മുകളിലും കോടതികള്‍ ഉണ്ടെന്നിരിക്കെ അയാളുടെ പണമാണ് അയാളെ സംരക്ഷിച്ചതെന്ന് ചോറുണ്ണുന്ന എല്ലാവര്‍ക്കും വ്യക്തമായിരിക്കെ അയാളെ നാലുകൈയ്യും നീട്ടി സ്വീകരിക്കാനുള്ള ആവേശം കാണുമ്പോള്‍ തനിക്ക് സങ്കടമല്ല പുച്ഛമാണ് തോന്നുന്നത് എന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

താരസംഘടനയായ അമ്മയുടെ നേതൃത്വത്തിനെതിരേയും ഭാഗ്യലക്ഷ്മി വിമര്‍ശനം ഉന്നയിച്ചു. അമ്മയുടെ തലപ്പത്ത് സ്ത്രീകള്‍ വന്നപ്പോള്‍ കുറച്ചുപേര്‍ക്കെങ്കിലും ശുഭപ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ അവരും വേട്ടക്കാരൊടൊപ്പമാണെന്ന് പ്രവൃത്തിയിലൂടെ തെളിയിച്ചു. അതില്‍ തനിക്ക് അത്ഭുതമൊന്നും തോന്നുന്നില്ലെന്നും അവര്‍ പറയുന്നത് സ്വന്തം വാക്കുകളല്ലെന്നും മറ്റാരുടേയോ വാക്കുകളാണെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ അപ്പീല്‍ പോകുന്നത് വേറെ പണിയില്ലാത്തതിനാലെന്ന് വിമര്‍ശിച്ച യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെതിരേയും ഭാഗ്യലക്ഷ്മി ആഞ്ഞടിച്ചു. അതിജീവിതയ്‌ക്കൊപ്പം പോകേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. ഇതും അവരുടെ പണിയാണ്. തന്റെ പാര്‍ട്ടി വേട്ടക്കാര്‍ക്കൊപ്പമെന്ന് വോട്ടെടുപ്പ് ദിവസം തന്നെ പ്രഖ്യാപിച്ച അടൂര്‍ പ്രകാശിനോട് നന്ദി പറയുന്നു. പി ടി തോമസിനെയെങ്കിലും അടൂര്‍ പ്രകാശ് ഓര്‍ക്കേണ്ടതായിരുന്നു. അതിജീവിതമാര്‍ എന്താണ് അനുഭവിക്കുന്നതെന്ന് മനസിലാക്കാന്‍ പെണ്‍മക്കളോട് അല്പ്പമെങ്കിലും സ്‌നേഹമുണ്ടാകണം. വേട്ടക്കാര്‍ രക്ഷപ്പെടുന്നുണ്ടെങ്കില്‍ അത് ഇത്തരം ആളുകളുടെ സ്വാധീനം കൊണ്ടാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു വെയ്ക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഹോർമുസിൽ ഇറാൻ്റെ ടോൾ; യുഎസ്-ഇസ്രായേലി കപ്പലുകൾക്ക് വിലക്ക് 

ടെഹ്റാൻ : പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിൽ കൂടുതൽ നിയന്ത്രണം...

ബിഹാർ ശീതള ക്ഷേത്രത്തിൽ  തിക്കിലും തിരക്കിലുംപെട്ട് 8 മരണം; നിരവധി പേർക്ക് പരിക്ക്

നളന്ദ : ബിഹാറിലെ നളന്ദ ജില്ലയിലെ ശീതള ക്ഷേത്രത്തിൽ ചൈത്ര മാസത്തിലെ അവസാനത്തെ...

‘നേമത്ത് SDPIയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധം; ഒരു വർഗീയതയുമായും ഇടതുമുന്നണിക്ക് സന്ധിയില്ല’ : മുഖ്യമന്ത്രി

തിരുവനന്തപുരം : നേമത്ത് എസ്ഡിപിഐയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധമെന്ന്...

എഫ്‍സിആർഎ ഭേദഗതിയിൽ ആശകയറിയിച്ച്പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി; നടപടിയിൽ നിന്ന്പിന്തിരിയണമെന്ന് ആവശ്യം

തിരുവനന്തപുരം: വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം ഭേദഗതി വരുത്തുന്നതിനുള്ള ബില്ലിലെ...