തിരുവനന്തപുരം : തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഔദ്യോഗിക നോട്ടീസിൽ ബിജെപിയുടെ സീൽ പതിഞ്ഞത് അവിശ്വസനീയവും നിർഭാഗ്യകരവുമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷത പാലിക്കണമെന്ന് ആവശ്യപ്പെട്ട് സിഇഒയ്ക്ക് മുഖ്യമന്ത്രി കത്തയച്ചു. സംഭവത്തിൽ പ്രതികരിച്ചവർക്കെതിരെ പോലീസ് നടപടി സ്വീകരിക്കുന്നതിനെ അപലപിച്ചുകൊണ്ടാണ് കത്ത്.
ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളിൽ പൂർണ്ണമായ രാഷ്ട്രീയ നിഷ്പക്ഷത പ്രതിഫലിക്കണമെന്ന് മുഖ്യമന്ത്രി കത്തിൽ ഓർമ്മിപ്പിച്ചു. വിമർശനം ജനാധിപത്യപരമായ അവകാശമാണെന്ന് പറഞ്ഞ അദ്ദേഹം, കമ്മീഷന്റെ വീഴ്ചയെ വിമർശിച്ചവർക്കെതിരെ പോലീസ് നോട്ടീസ് അയക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും വ്യക്തമാക്കി.
വിമർശനങ്ങളെ നേരിടേണ്ടത് വിമർശിക്കുന്നവർക്കെതിരെ കേസെടുത്തുകൊണ്ടല്ല. അത് ജനാധിപത്യത്തിന് ഭൂഷണമായ കാര്യമല്ല. ജനാധിപത്യ സംവിധാനത്തിൽ വിയോജിക്കാനും വിമർശിക്കാനുമുള്ള അവകാശം നിഷേധിക്കാൻ ആർക്കും കഴിയില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞാൽ പോലീസിന്റെയും ഉദ്യോഗസ്ഥരുടെയും പൂർണ്ണ നിയന്ത്രണം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതുകൊണ്ടുതന്നെ ഈ വിഷയത്തിലുണ്ടായ പോലീസ് നടപടികളിൽ സംസ്ഥാന സർക്കാരിന് യാതൊരു പങ്കുമില്ല. ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, ഇലക്ഷൻ കമ്മീഷൻ്റെ നിർദ്ദേശപ്രകാരമായിരിക്കും പോലീസ് ഈ നടപടികൾ സ്വീകരിച്ചിട്ടുണ്ടാവുക. സ്വതന്ത്രവും നിഷ്പക്ഷവുമായി പ്രവർത്തിക്കേണ്ട ഭരണഘടനാ സ്ഥാപനങ്ങൾ ഇത്തരം സന്ദർഭങ്ങളിൽ കൂടുതൽ ജാഗ്രത കാണിക്കേണ്ടതുണ്ട്. ഈ വിഷയത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ (CEC) തന്നെ അടിയന്തരമായി ഇടപെടുകയും ഫലപ്രദമായ നടപടികൾ സ്വീകരിക്കുകയും വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
