കൊച്ചി : കൈക്കൂലി വാങ്ങുന്നതിനിടയിൽ കൊച്ചി മരട് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഗോപകുമാർ വിജിലൻസ് പിടിയിൽ. കേസിൽ പിടിച്ചെടുത്ത വാഹനം വിട്ടുനൽകുന്നതിനാണ് ഗ്രേഡ് എസ്‌ഐ ഗോപകുമാർ കൈക്കൂലി ആവശ്യപ്പെട്ടത്. വാഹനം വിട്ടുനൽകണമെങ്കിൽ കൈക്കൂലിയായി പതിനായിരം രൂപ വേണമെന്നാണ് എസ്‌ഐ ഉടമയോട് ആവശ്യപ്പെട്ടത്.
പണം നൽകാതെ വാഹനം വിട്ടുതരില്ലെന്ന് എസ്ഐ കണിശമായി പറഞ്ഞതോടെ ഉടമ വിജിലൻസിനെ സമീപിക്കുകയായിരുന്നു. വിജിലന്‍സ് സംഘം നൽകിയ നോട്ടുകളുമായി വാഹന ഉടമ മരട് സ്‌റ്റേഷനിലെത്തി എസ്‌ഐ ഗോപകുമാറിന് പണം കൈമാറി. പിന്നാലെ വിജിലന്‍സ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. എസ്‌ഐ ഗോപകുമാറിന്റെ വീട്ടിലടക്കം പരിശോധന നടത്താനുള്ള തയ്യാറെടുപ്പിലാണ് വിജിലന്‍സ്. പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
