ദ്യൂഡൽഹി : ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാവിലെ 10.10 ന് പ്രസിഡന്റ് ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു.
തമിഴ്‌നാട്ടിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവും രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ (ആർഎസ്‌എസ്) പ്രമുഖ പ്രവർത്തകനുമായ 67 കാരനായ രാധാകൃഷ്ണൻ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ മഹാരാഷ്ട്ര ഗവർണറായിരുന്നു. വിജയത്തെ തുടർന്ന് വ്യാഴാഴ്ചയാണ് മഹാരാഷ്ട്ര ഗവർണർ സ്ഥാനം അദ്ദേഹം രാജിവെച്ചത്. പുതിയ നിയമനം ഉണ്ടാകുന്നതുവരെ ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രതിന് മഹാരാഷ്ട്രയുടെ അധിക ചുമതല പ്രസിഡന്റ് മുർമു നൽകി. കോയമ്പത്തൂരിൽ നിന്ന് രണ്ടുതവണ എംപിയായും രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ 452 വോട്ടുകൾ നേടിയായിരുന്നു രാധാകൃഷ്ണൻ്റെ വിജയം.
ആരോഗ്യപരമായ കാരണങ്ങളാൽ ജൂലൈ 21 ന് വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖർ രാജിവെച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് അനിവാര്യമായത്.