(Photo Courtesy : X)
ഇറാൻ ജനതയോട് പ്രതിഷേധം തുടരാൻ നിർദ്ദേശിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഒപ്പം സഹായ വാഗ്ദാനവുമുണ്ട്. എല്ലാ ഇറാനികളും പ്രതിഷേധവുമായി തെരുവിലിറങ്ങാനും സഹായം ഉടൻ എത്തുമെന്നുമാണ് ട്രംപിൻ്റെ സന്ദേശം. ഇറാനിൽ സമരമുഖത്ത് മരണസംഖ്യ 2,000 ആയി ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് ട്രംപിന്റെ പ്രതിഷേധാഹ്വാനം വരുന്നത്.
പ്രതിഷേധക്കാരെ “ദേശസ്നേഹികൾ” എന്ന് വിശേഷിപ്പിച്ച് തുടങ്ങുന്ന ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ ട്രാപ് പറയുന്നതിങ്ങനെ – “ഇറാനിയൻ ദേശസ്നേഹികളേ, പ്രതിഷേധം തുടരൂ – നിങ്ങളുടെ സ്ഥാപനങ്ങൾ ഏറ്റെടുക്കൂ’ കൊലപാതകികളുടെയും അതിക്രമം ചെയ്യുന്നവരുടെയും പേരുകൾ ഓർത്തുവെക്കുക. അവർ വലിയ വില നൽകേണ്ടി വരും. പ്രതിഷേധക്കാരെ അർത്ഥശൂന്യമായി കൊലപ്പെടുത്തുന്നത് നിർത്തുന്നതുവരെ ഇറാനിയൻ ഉദ്യോഗസ്ഥരുമായുള്ള എല്ലാ കൂടിക്കാഴ്ചകളും ഞാൻ റദ്ദാക്കിയിട്ടുണ്ട്. സഹായം ഉടൻ എത്തും.”
ഇറാനിൽ വൻതോതിലുള്ള സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്കിടെ സൈനിക നടപടിയുടെ ഭീഷണികൾ ഉയർന്നതിനെത്തുടർന്ന്, ഇറാൻ നേതൃത്വം ചർച്ചകൾക്കായി തന്നിലേക്ക് എത്തിയതായി ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു. ഇറാൻ നേതാക്കൾ വിളിച്ചുവെന്ന് ട്രംപ് ഞായറാഴ്ച എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു, “ഒരു മീറ്റിംഗ് സജ്ജീകരിച്ചുകൊണ്ടിരിക്കുകയാണ്, അവർ ചർച്ചകൾ നടത്താൻ ആഗ്രഹിക്കുന്നു” എന്നും കൂട്ടിച്ചേർത്തു.
പ്രധാന എണ്ണ കയറ്റുമതിക്കാരായ ഇറാനുമായി വ്യാപാരം നടത്തുന്ന ഏതൊരു രാജ്യത്തിന്റെയും ഉൽപ്പന്നങ്ങൾക്ക് 25% ഇറക്കുമതി തീരുവ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇറാനെ ശിക്ഷിക്കുന്നതിനുള്ള ഓപ്ഷനുകളിൽ കൂടുതൽ സൈനിക നടപടികളും ഉൾപ്പെടുമെന്ന് ട്രംപ് പറഞ്ഞു. ട്രംപിന്റെ തീരുവ പ്രഖ്യാപനത്തോട് ടെഹ്‌റാൻ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.
