ഡീമാറ്റ് അക്കൗണ്ട് മരവിപ്പിച്ച സംഭവം : സെബിക്കും എക്‌സ്‌ചേഞ്ചുകൾക്കും 80 ലക്ഷം പിഴ ചുമത്തി കോടതി

Date:

മുംബൈ : ഡീമാറ്റ് അക്കൗണ്ടുകള്‍ അനധികൃതമായി മരവിപ്പിച്ചതിന് ഓഹരി വിപണി നിയന്ത്രകരായ സെബി, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്, നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവര്‍ക്ക് ബോംബെ ഹൈക്കോടതി 80 ലക്ഷം രൂപ പിഴ ചുമത്തി. നിക്ഷേപകരുടെ താല്‍പര്യം സംരക്ഷിക്കേണ്ട സ്ഥാപനങ്ങള്‍ അതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസുമാരായ ജി.എസ് കുല്‍ക്കര്‍ണി, ഫിര്‍ദോസ് പുനിവാല എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിക്ഷേപകരുടെ വിശ്വാസം തകര്‍ക്കുന്ന നടപടിയാണ് ഈ സ്ഥാപനങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്നും നിരീക്ഷിച്ചു.

ഡോ. പ്രദീപ് മേത്ത, മകനും പ്രവാസിയുമായ നീല്‍ എന്നിവരാണ് തങ്ങളുടെ ഡീമാറ്റ് അക്കൗണ്ട് സെബിയുടെ നിര്‍ദ്ദേശപ്രകാരം സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ മരവിപ്പിച്ചതിനെതിരെ കോടതി കയറിയത്. ഭാര്യാപിതാവ് പ്രമോട്ടറായ ശ്രേനുജ് ആന്‍ഡ് കമ്പനിയുടെ 2,000 ഓഹരികള്‍ ഡോ. മേത്ത 1989ല്‍ വാങ്ങിയിരുന്നു. 1993ല്‍ 1,000 ഷെയര്‍ കൂടി വാങ്ങി. 2005ല്‍ 1:5 എന്ന അനുപാതത്തില്‍ നടന്ന ഓഹരി വിഭജന പ്രകാരം ഡോ. മേത്തയുടെ ഓഹരികള്‍ 15,000 ആയി വര്‍ധിച്ചു. 2014ല്‍ ബോണസ് ഷെയറുകള്‍ 1:2 അനുപാതത്തില്‍ കമ്പനി നല്‍കിയപ്പോള്‍ മേത്തയുടെ ആകെ ഓഹരി 30,000 ആയി.

ഇതില്‍ 9,478 ഓഹരികള്‍ 2016ല്‍ ഡോ. മേത്ത വിറ്റു. ഇതോടെ കൈവശമുള്ള ഓഹരി 20,522 ആയി ചുരുങ്ങി. കമ്പനിയുടെ അടച്ചു തീര്‍ത്ത ആകെ ഓഹരി മൂലധനത്തിന്റെ 0.01 ശതമാനം മാത്രമാണിത്. ശ്രേനുജ് കമ്പനി സാമ്പത്തിക ഫല കണക്കുകള്‍ സമര്‍പ്പിക്കാന്‍ വൈകിയതിന് 2017ല്‍ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് 1.84 ലക്ഷം രൂപ പിഴയടക്കാന്‍ നിര്‍ദേശിച്ചിരുന്നു. 2017 ജൂണിലാണ് തന്റെ ഡീമാറ്റ് അക്കൗണ്ട് നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ് മരവിപ്പിച്ചതായി ഡോ. മേത്ത മനസിലാക്കിയത്. കമ്പനിയുടെ പ്രമോട്ടര്‍മാരില്‍ ഒരാളായി തന്റെ പേര് ഉള്ളതാണ് സാഹചര്യമെന്നും മനസിലാക്കി. മാനേജ്മെന്റിന്റെ ഭാഗമായി താന്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് മേത്ത ചൂണ്ടിക്കാട്ടിയെങ്കിലും ഫലമുണ്ടായില്ല.

2018ല്‍ ശ്രേനുജ് കമ്പനിയെ സെബി ഡീലിസ്റ്റ് ചെയ്തു. ഇതോടെ ഡോ. മേത്തയുടെ ഡീമാറ്റ് അക്കൗണ്ടുകള്‍ പൂർണ്ണമായും മരവിപ്പിക്കപ്പെട്ടു. ഓഹരി മറ്റൊരു ഡീമാറ്റ് അക്കൗണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും നിരസിച്ചു. ഇതേതുടര്‍ന്നാണ് ഡോ. മേത്ത കോടതിയെ സമീപിച്ചത്. കമ്പനി നല്‍കേണ്ട പിഴയുടെ പങ്ക് ഡോ. മേത്ത വഹിക്കേണ്ട സാഹചര്യം എന്താണെന്ന് കോടതി ചോദിച്ചു. സ്വാഭാവിക നീതിയാണ് നിഷേധിക്കപ്പെട്ടത്. ഈ കേസില്‍ സെബിയും മറ്റും സ്വേഛാപരമായാണ് പ്രവര്‍ത്തിച്ചത്. നിയമപ്രകാരം പ്രവര്‍ത്തിച്ചില്ല. ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ ലംഘിച്ചതായും കോടതി നിരീക്ഷിച്ചു. പിതാവിനെ സെക്കന്‍ഡ് ഹോള്‍ഡറാക്കി മകന്‍ നീല്‍ മേത്ത തുടങ്ങിയ അക്കൗണ്ടും ഈ പേരില്‍ മരവിപ്പിച്ചത് അന്യായമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വോട്ടിട്ട് വടക്കന്‍ കേരളം; പോളിങ് 74 ശതമാനം കടന്നു

കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നടന്ന വടക്കൻ കേരളത്തിൽ പോളിങ് 74.52...

സ്ഥിരം വിസി നിയമനം : മെറിറ്റ് അടിസ്ഥാനത്തിൽ മുന്‍ഗണനാ പാനല്‍ തയ്യാറാക്കാനൊരുങ്ങി ജസ്റ്റിസ് ദുലിയ സമിതി

ന്യൂഡല്‍ഹി : സാങ്കേതിക, ഡിജിറ്റല്‍ സര്‍വ്വകലാശാലകളിലെ സ്ഥിരം വൈസ് ചാന്‍സലർമാരെ സുപ്രീം...

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ

കൊച്ചി : ലൈംഗികാതിക്രമക്കേസിൽ പ്രതിചേർക്കപ്പെട്ട് ഒളിവിൽ കഴിയുന്ന പാലക്കാട എംഎൽഎ രാഹുൽ...

വൈകി ഉദിച്ച വിവേകം! ; കേരളത്തിലെ മുഴുവൻ റീച്ചുകളിലും സേഫ്റ്റി ഓ‍ഡിറ്റ് ന‌‌ടത്താൻ ദേശീയപാത അതോറിറ്റി

തിരുവനന്തപുരം : കേരളത്തിലെ നിർമ്മാണത്തിലിരിക്കുന്ന ദേശീയപാതയിൽ അടിക്കടിയുണ്ടായിക്കൊണ്ടിരിക്കുന്ന തകർച്ചകളുടെ പശ്ചാത്തലത്തിൽ മുഴുവൻ...