Saturday, January 17, 2026

ഇൻഡിഗോയ്ക്ക് 22.20 കോടി രൂപ പിഴ ചുമത്തി ഡിജിസിഎ ; നടപടി വിമാന സർവ്വീസുകൾ കൂട്ടത്തോടെ റദ്ദാക്കിയ സംഭവത്തിൽ

Date:

ന്യൂഡൽഹി : ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് 22.20 കോടി രൂപ പിഴ ചുമത്തി വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡിജിസിഎ. വിമാനങ്ങൾ വ്യാപകമായി വൈകിയതിനും റദ്ദാക്കിയതിനും പിന്നിൽ പൈലറ്റുമാരുടെ അമിത ജോലിഭാരവും കൃത്യതയില്ലാത്ത പ്രവർത്തന പ്ലാനിംഗുമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ്  നടപടി. വിവിധ നിയമലംഘനങ്ങൾക്ക് ഒരു തവണ നൽകേണ്ട പിഴയായി 1.80 കോടി രൂപയും, നിയമങ്ങൾ പാലിക്കാത്ത ഓരോ ദിവസത്തിനും 30 ലക്ഷം രൂപ വീതം 68 ദിവസത്തേക്ക് ആകെ 20.40 കോടി രൂപയും ചേർത്ത് ഇൻഡിഗോ പിഴ അടയ്ക്കണം. ഇതിനുപുറമെ, ഭാവിയിൽ നിയമങ്ങൾ പാലിക്കുമെന്ന് ഉറപ്പാക്കാൻ 50 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടിയും ഇൻഡിഗോ നൽകണം

2025 ഡിസംബർ 3 മുതൽ 5 വരെയുള്ള കാലയളവിൽ സർവ്വീസുകൾ കൂട്ടത്തോടെ റദ്ദാക്കിയ നടപടി അന്വേഷിക്കാൻ ഡിജിസിഎ നാലംഗ സമിതി രൂപീകരിച്ചിരുന്നു. ഒരു മാസത്തിന് ശേഷമാണ് പിഴ ചുമത്തിയത്. ഇൻഡിഗോയുടെ 2,507 വിമാന സർവീസുകൾ റദ്ദാക്കുകയും 1,852 സർവ്വീസുകൾ വൈകുകയും ചെയ്തു. ഇതുമൂലം വിവിധ വിമാനത്താവളങ്ങളിൽ മൂന്ന് ലക്ഷത്തിലധികം യാത്രക്കാർ  കുടുങ്ങിക്കിടന്നുവെന്നും ഡിജിസിഎയുടെ റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരമാണ് അന്വേഷണം നടത്തിയത്.

ലാഭം മാത്രം ലക്ഷ്യം വെച്ച് ജീവനക്കാരെയും വിമാനങ്ങളെയും അമിതമായി ഉപയോഗിക്കുന്ന രീതിയാണ് ഇൻഡിഗോ മാനേജ്‌മെന്റ് പിന്തുടർന്നതെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. വിമാനങ്ങൾ വൈകുകയോ മറ്റ് തടസ്സങ്ങൾ ഉണ്ടാവുകയോ ചെയ്യുമ്പോൾ അത് പരിഹരിക്കാനുള്ള യാതൊരു മുൻകരുതലും എയർലൈൻ സ്വീകരിച്ചിരുന്നില്ല.
പൈലറ്റുമാരുടെ ഡ്യൂട്ടി സമയം പരമാവധി ഉപയോഗിക്കുന്ന രീതിയിലാണ് റോസ്റ്ററുകൾ തയ്യാറാക്കിയിരുന്നത്. പുതുക്കിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ (FDTL) നിയമങ്ങൾ നടപ്പിലാക്കുന്നതിൽ കമ്പനി പരാജയപ്പെട്ടു. ഇത് വിമാനങ്ങളുടെ സമയക്രമത്തെ സാരമായി ബാധിക്കുകയും ആയിരക്കണക്കിന് യാത്രക്കാർ ദുരിതത്തിലാവുകയും ചെയ്തു. ഏകദേശം 15 ദിവസത്തോളം രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലെല്ലാം ഇൻഡിഗോ സർവ്വീസുകൾ താറുമാറായി.

എയർലൈൻ സിഇഒയ്ക്ക് ഡിജിസിഎ താക്കീത് നൽകി. കൃത്യമായ മേൽനോട്ടം വഹിക്കുന്നതിൽ പരാജയപ്പെട്ടതിനാണ് നടപടി. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ (COO), അക്കൗണ്ടബിൾ മാനേജർ എന്നിവർക്കും കർശനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഓപ്പറേഷൻസ് കൺട്രോൾ സെന്ററിന്റെ ചുമതലയുള്ള സീനിയർ വൈസ് പ്രസിഡന്റിനെ സ്ഥാനത്തുനിന്ന് നീക്കാൻ ഡിജിസിഎ നിർദ്ദേശിച്ചു. അദ്ദേഹത്തെ ഇനി ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ നിയമിക്കരുതെന്നും നിർദ്ദേശമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

യുഎസ് പയറുവർഗ്ഗങ്ങൾക്ക് തീരുവ ചുമത്തി ഇന്ത്യ ; ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ ട്രംപിന് കത്തെഴുതി സെനറ്റർമാർ

ന്യൂഡൽഹി : യുഎസ്-ഇന്ത്യ വ്യാപാര കരാർ അനിശ്ചിതത്വത്തിൽ നിൽക്കെ, യുഎസ് പയർവർഗ്ഗങ്ങൾക്ക് തീരുവ...

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യമില്ല ; മൂന്നാം ബലാത്സംഗക്കേസിൽ ജയിലിൽ തന്നെ

പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യമില്ല.  തിരുവല്ല ജുഡീഷ്യൽ...