കാഠ്മണ്ഡു : നേപ്പാൾ മുൻ പ്രധാനമന്ത്രി കെ പി ശർമ്മ ഒലിയെ ശനിയാഴ്ച പുലർച്ചെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ സെപ്റ്റംബറിൽ നേപ്പാളിനെ ഉലച്ച ‘ജെൻ സി’ (Gen Z) പ്രതിഷേധങ്ങളെ ക്രൂരമായി അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട നരഹത്യാ കേസിലാണ് നടപടി. ഒലിയെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതിലേക്ക് നയിച്ച പ്രക്ഷോഭമായിരുന്നു ഇത്.
നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രിയായി ബാലേൻ ഷാ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ഒരു ദിവസം പിന്നിടുമ്പോഴാണ് ഈ നിർണ്ണായക നീക്കം. നേപ്പാളി കോൺഗ്രസ് നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ രമേശ് ലേഖകിനെയും ഇതേ കേസിൽ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭക്തപൂരിലെ വസതികളിൽ നിന്നാണ് ഇരു നേതാക്കളെയും കസ്റ്റഡിയിലെടുത്തത്. കുറ്റം തെളിയിക്കപ്പെട്ടാൽ പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
നാല് തവണ നേപ്പാൾ പ്രധാനമന്ത്രിയായിരുന്ന കെ പി ശർമ്മ ഒലിയെയും മറ്റ് നേതാക്കളെയും വിചാരണ ചെയ്യണമെന്ന് ഉന്നതതല കമ്മീഷൻ ശുപാർശ ചെയ്തതിനെത്തുടർന്നാണ് അറസ്റ്റ്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (യുഎംഎൽ) നേതാവായ ഒലിയുടെ അറസ്റ്റ് നേപ്പാൾ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചേക്കും.
2025 സെപ്റ്റംബറിൽ അഴിമതിക്കും തൊഴിലില്ലായ്മയ്ക്കും രാഷ്ട്രീയ അസ്ഥിരതയ്ക്കുമെതിരെ നേപ്പാളിലെ യുവാക്കൾ നടത്തിയ വൻ മുന്നേറ്റമാണ് ജെൻ സി വിപ്ലവം എന്നറിയപ്പെടുന്നത്. ഡിജിറ്റൽ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടമായി തുടങ്ങി പിന്നീട് ഭരണകൂടവിരുദ്ധ വിപ്ലവമായി മാറിയ ഈ പ്രക്ഷോഭത്തെ ഒലി സർക്കാർ കടുത്ത രീതിയിലാണ് നേരിട്ടത്. അന്നുണ്ടായ അക്രമങ്ങളിൽ 77 പേർ കൊല്ലപ്പെടുകയും രണ്ടായിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
നേപ്പാളിൻ്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ബാലേൻ ഷാ ചുമതലയേറ്റതിന് പിന്നാലെ നടന്ന ആദ്യ കാബിനറ്റ് യോഗമാണ് കാർക്കി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ തീരുമാനിച്ചത്. ഇതിനെത്തുടർന്ന് കാഠ്മണ്ഡു താഴ്വരയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഒലിയുടെ അറസ്റ്റിനെത്തുടർന്ന് അദ്ദേഹത്തിൻ്റെ അനുയായികൾ പ്രതിഷേധവുമായി തെരുവിലിറങ്ങാൻ സാദ്ധ്യതയുള്ളതിനാൽ സൈന്യവും പോലീസും ജാഗ്രതയിലാണ്. നേപ്പാൾ രാഷ്ട്രീയത്തിലെ പുതിയ യുഗത്തിന് ഈ അറസ്റ്റ് തുടക്കം കുറിക്കുമെന്നാണ് വിലയിരുത്തൽ.
