തിരുവനന്തപുരം : കേന്ദ്രസർക്കാർ ഈയ്യിടെ നടപ്പിലാക്കിയ ജിഎസ്ടി നിരക്ക് പരിഷ്‌ക്കരണം സംസ്ഥാനത്തെ ലോട്ടറി മേഖലയ്ക്ക് വലിയ ആഘാതമാണ് ഉണ്ടാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ഭാഗ്യക്കുറി നറുക്കെടുപ്പിൽ സംസ്ഥാന സർക്കാരിനുണ്ടാക്കുന്നത് 3.35 കോടി രൂപയുടെ നഷ്ടമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഭാഗ്യക്കുറി ടിക്കറ്റിലുള്ള ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 40 ശതമാനം ആയിട്ടാണ് കേന്ദ്രസർക്കാർ ഒറ്റയടിക്ക് വർദ്ധിപ്പിച്ചതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ കൂട്ടിച്ചേർത്തു.
ധനമന്ത്രിയുമായി നേരിട്ടും കത്തുകൾ മുഖേനയും കേന്ദ്ര ധനകാര്യ വകുപ്പിനോടും ജിഎസ്ടി കൗൺസിലിനോടും ലോട്ടറിയുടെ ജിഎസ്ടി വർദ്ധിപ്പിക്കരുതെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും അതെല്ലാം നിരാകരിക്കുന്ന സമീപനമാണ് കേന്ദ്രസർക്കാരിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായത്. അതിൻ്റെ ഭാഗമായാണ് ലോട്ടറി മേഖലയിൽ നികുതി വർദ്ധനവിന് കാരണമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മറ്റു തൊഴിൽ ചെയ്യാൻ സാധിക്കാത്ത ജീവനോപാധിയായി ലോട്ടറി വ്യാപാരത്തെ ആശ്രയിക്കുന്ന നിരവധി സാധാരണ ജനങ്ങളുടെ തൊഴിൽ മേഖല എന്ന നിലയിൽ ഭാഗ്യക്കുറി മേഖലയെ സംരക്ഷിക്കുന്നതിന് സംസ്ഥാന സർക്കാർ എല്ലാ കാലത്തും പ്രതിജ്ഞാബദ്ധമായിരുന്നു. അതിൻ്റെ ഭാഗമായി സർക്കാരിൻ്റെ റവന്യൂ വരുമാനത്തിൽ കുറവ് ഉണ്ടാകുമെങ്കിലും എങ്കിലും ടിക്കറ്റ് വിലയിൽ വർധനവ് വരുത്താതെ നിലവിലെ ടിക്കറ്റ് നിരക്കുകളിൽ തന്നെ വിൽപ്പന നടത്തുന്നതിനുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചു.
ജിഎസ്ടി 28 ശതമാനത്തിൽ നിന്നും 40 ശതമാനമായി കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചെങ്കിലും ടിക്കറ്റിൻ്റെ വില 50 രൂപയായി തന്നെ നിലനിർത്താനാണ് സംസ്ഥാനസർക്കാർ തീരുമാനിച്ചത്. അതിൻ്റെ ഫലമായി ഒരു ഭാഗ്യക്കുറി ടിക്കറ്റിനുമേൽ സർക്കാരിന് 3.35 രൂപ റവന്യൂ വരുമാനത്തിൽ കുറവുണ്ടാകും. ഒരു ഭാഗ്യക്കുറി നറുക്കെടുപ്പിൽ ഇത്തരത്തിൽ 3.35 കോടി രൂപയുടെ കുറവാണ് സർക്കാരിന് ഉണ്ടാവുക.
സർക്കാരിൻ്റെ പ്രവർത്തന മിച്ചം, ഡിസ്‌കൗണ്ട്, ഏജൻസി സമ്മാനം, സമ്മാനം എന്നിവയിൽ കുറവ് വരുത്തിയാണ് വില വർദ്ധനവ് ഒഴിവാക്കിയത്. ആകെ വിറ്റു വരവിൻ്റെ 60 ശതമാനം തുക സമ്മാനമായി നൽകുന്നുണ്ട്. എന്നാൽ വിറ്റു വരവിൽ കുറവ് വന്നത് കാരണം ആകെ സമ്മാനത്തുകയിൽ നേരിയ കുറവ് വന്നിട്ടുണ്ട്. ഏജന്റ് ഡിസ്‌ക്കൗണ്ട്, ഏജൻസി പ്രൈസ് എന്നിവയുടെ ഘടനയിൽ എങ്ങനെ മാറ്റം വരുത്താം എന്നത് സർക്കാർ പരിശോധിച്ചു വരികയാണ്. ഇത്തരത്തിൽ കേന്ദ്രസർക്കാർ നടപ്പാക്കിയ ജിഎസ്ടി നിരക്ക് പരിഷ്‌ക്കരണം സംസ്ഥാന ലോട്ടറി മേഖലയിലെ തൊഴിലാളികളെയും കുടുംബാംഗങ്ങളെയും ഒരുതരത്തിലും ബാധിക്കാത്ത രീതിയിൽ ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
