കൊല്ലം: മദ്യപിച്ച് വാഹനമോടിച്ച 17 ബസ് ഡ്രൈവർമാരെ പിടികൂടി കൊല്ലം പോലീസ്. സ്വകാര്യ, കെഎസ്ആർടിസി, സ്കൂൾ ബസുകൾ കേന്ദ്രീകരിച്ച് നടത്തിയ ഓപ്പറേഷൻ റൈഡർ മിന്നൽപ്പരിശോധനയിലാണ് മദ്യലഹരിയിൽ വാഹനമോടിച്ച ഡ്രൈവർമാർ പിടിയിലായത്.
അര ഡസനോളം സ്കൂൾ – കോളേജ് ബസ്സുകളിലെ ഡ്രൈവർമാരാണ് രാവിലെ തന്നെ മദ്യപിച്ച് വാഹനമോടിക്കാനെത്തിയത്. ഒരു കെഎസ്ആർടിസി ബസ് ഡ്രൈവറും ഇക്കൂട്ടത്തിൽപെടുന്നു.
കരുനാഗപ്പള്ളിയിൽനിന്നു തിരുവനന്തപുരത്തേക്കുപോയ കെഎസ്ആർടിസി ബസിലെ ഡ്രൈവറാണ് മദ്യപിച്ച് വാഹനമോടിക്കുന്നതായി ഈസ്റ്റ് പോലീസിന്റെ പരിശോധനയിൽ കണ്ടെത്തിയത്. താലൂക്ക് കച്ചേരി ഭാഗത്തുവെച്ചാണ് ബസ് പിടികൂടിയത്. കരാറടിസ്ഥാനത്തിൽ റെയിൽവേ സ്റ്റേഷനിലേക്ക് തൊഴിലാളികളെ കൊണ്ടുപോയിരുന്ന വാഹനവും പോലീസ് പിടിയിലായി. പരിശോധനാവിവരം ഡ്രൈവർമാർ വാട്സാപ്പ് ഗ്രൂപ്പ് വഴി കൈമാറിയതിനാൽ ചില സ്വകാര്യബസുകൾ വഴിയിൽ സർവ്വീസ് നിർത്തിവെച്ചതായും പരാതിയുണ്ട്.
തിങ്കളാഴ്ച രാവിലെ 6.30 മുതൽ 8.30 വരെ 260 ബസുകളിലാണ് പരിശോധന നടത്തിയത്. കൊല്ലം ചിന്നക്കട, താലൂക്ക് ജങ്ഷൻ, അയത്തിൽ, കല്ലുംതാഴം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. മദ്യപിച്ച് വാഹനമോടിച്ചവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. യൂണിഫോം ഉപയോഗിക്കാതിരുന്നതിന് രണ്ടുപേർക്കും കണ്ടക്ടർ ലൈസൻസ് ഇല്ലാതിരുന്ന ഒരാൾക്കും പിഴ ചുമത്തി.
കൊല്ലം എസിപി എസ്. ഷെരീഫിന്റെ നേതൃത്വത്തിൽ വെസ്റ്റ് സിഐ ആർ. ഫയാസ്, ഈസ്റ്റ് എസ്ഐ വിപിൻ, കിളികൊല്ലൂർ എസ്ഐ ശ്രീജിത്ത്, ഇരവിപുരം എസ്ഐ ജയേഷ്, ജൂനിയർ എസ്ഐ സബിത എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.