ന്യൂഡൽഹി : ശനിയാഴ്ച പെയ്ത കനത്ത മഴയിൽ ഡൽഹി-എൻസിആറിലെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. രാവിലെ മുതലെ ഡൽഹി നഗരം നിശ്ചലമാണ്. ഫ്ലൈറ്റ് റഡാറിൽ നിന്നുള്ള ഡാറ്റ പ്രകാരം ഏകദേശം 90 വിമാനങ്ങൾ വൈകി, നാലെണ്ണം റദ്ദാക്കിയതോടെ വിമാന പ്രവർത്തനങ്ങളെയും സാരമായി ബാധിച്ചു.
“ഐഎംഡിയുടെ പ്രവചനം അനുസരിച്ച്, ഡൽഹിയിൽ മോശം കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. എന്നിരുന്നാലും, എല്ലാ വിമാന പ്രവർത്തനങ്ങളും നിലവിൽ സാധാരണമാണ്.” ഡൽഹിയിലെ ഐജിഐ വിമാനത്താവളത്തിൻ്റെ വാർത്താ കുറിപ്പിൽ പറയുന്നു.
രാവിലെ വരെ കനത്ത മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) പ്രവചിച്ചിരുന്നു. തുടർച്ചയായി പെയ്യുന്ന മഴ താപനില കുറയ്ക്കാൻ സഹായിച്ചു. ചൂടിൽ നിന്ന് രക്ഷനേടിയെങ്കിലും ഡൽഹി നിവാസികൾ വെള്ളക്കെട്ടിൽ വലഞ്ഞു.
പല പ്രദേശങ്ങളിലും രാത്രിയിൽ ആരംഭിച്ച മഴ രാവിലെ വരെ അതേ തീവ്രതയോടെ പെയ്തിറങ്ങിയതോടെ നിരവധി അണ്ടർപാസുകൾ വെള്ളത്തിനടിയിലായി. തെരുവുകളിലും വെള്ളം കയറി.
