ചെന്നൈ: മദ്രാസ് ഹൈക്കോടതി ആശങ്ക അറിയിച്ചിട്ടും വേണ്ടത്ര സുരക്ഷ ഒരുക്കാൻ സംഘാടകരും അധികൃതരും തയ്യാറാകാത്തതാണ് നടൻ വിജയ്‌യുടെ നേതൃത്വത്തിൽ കരൂരിൽ സംഘടിപ്പിച്ച തമിഴക വെട്രി കഴകത്തിൻ്റെ റാലി വൻ ദുരന്തമാകാൻ കാരണമായതെന്ന് ആക്ഷേപമുയരുന്നു. കഴിഞ്ഞയാഴ്ചയാണ് ഇത്തരമൊരു വലിയ റാലിയെക്കുറിച്ച് മദ്രാസ് ഹൈക്കോടതി ആശങ്ക ഉന്നയിച്ചത്.
റാലിയിൽ ഇത്രയേറെ ജനം അണിനിരക്കുന്നത് അപകടത്തിന് കാരണമാകില്ലേയെന്നും ആളുകൾക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്താകുമെന്നുമാണ് ഹൈക്കോടതി അന്ന് ചോദിച്ചത്. തുടർന്ന് ഇത്തരം റാലികളും പൊതുയോഗങ്ങളും സംഘടിപ്പിക്കുന്ന രാഷ്ട്രീയ പാർട്ടികളിൽ നിന്നും നിന്നും സംഘടനകളിലിൽ നിന്നും പൊതു-സ്വകാര്യ സ്വത്തുക്കൾക്ക് സംഭവിക്കുന്ന നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരമെന്നോണം മുൻകൂറായി പണം വാങ്ങാൻ സർക്കാരിന് കോടതി നിർദ്ദേശവും നൽകിയിരുന്നു.
ഇങ്ങനെയൊരു സ്ഥിതിവിശേഷത്തെക്കുറിച്ച ഹൈക്കോടതി മുൻകൂറായി സൂചിപ്പിച്ചിട്ടും കരൂരിലെ റാലിയിലേക്ക് വൻ ജനക്കൂട്ടം ഒഴുകിയെത്തുമെന്ന് മനസ്സിലാക്കാനും അതിനനുസരിച്ച് സുരക്ഷ ഒരുക്കുന്നതിലും തമിഴക വെട്രി കഴകം പാർട്ടിയും സർക്കാരും ഗുരുതരമായ വീഴ്ചയാണ് വരുത്തിയിട്ടുള്ളത്. കൃത്യമായി അടയാളപ്പെടുത്തിയ ഒരു സ്ഥലമോ വേദിയോ ഇല്ലാതെ ജനക്കൂട്ടത്തിനിടയിൽ വലിയൊരു ബസിന് മുകളിൽ നിന്നാണ് വിജയ് സംസാരിച്ചത്. തൊട്ടുപിന്നാലെ തന്നെ റാലി വൻദുരന്തത്തിന് വഴിമാറി.
കരൂരില്‍ സംഭവിച്ചത് വിവരിക്കാനാവാത്ത ദുരന്തമെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പറഞ്ഞത്. ദുരന്തത്തില്‍ 13 പുരുഷന്മാരും 17 സ്ത്രീകളും ഒമ്പതുകുട്ടികളുമുള്‍പ്പെടെ 39 പേര്‍ മരണപ്പെട്ടതായി അദ്ദേഹം അറിയിച്ചു. രാഷ്ട്രീയപ്പാര്‍ട്ടികളുടെ യോഗത്തിനിടയില്‍ പാടില്ലാത്ത ദുരന്തമാണ് നടന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് അരുണാജഗദീശന്‍ മേധാവിയായിട്ടുള്ള ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിനുശേഷം ഉചിതമായ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു.
ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ കരൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തി ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അവരുടെ കുടുംബാംഗങ്ങളോടും ജനപ്രതിനിധികളോടും സ്ഥിതിവിവരങ്ങള്‍ അന്വേഷിച്ചു. പരിക്കേറ്റ് ചികിത്സയിലുള്ളവരെ അദ്ദേഹം സന്ദര്‍ശിച്ചു. ചികിത്സയിലുള്ളവരുടെ സ്ഥിതിവിവരങ്ങള്‍ ആശുപത്രി വൃത്തങ്ങളുമായി അന്വേഷിച്ചറിഞ്ഞു. ആയിരത്തോളം പേര്‍ക്ക് പരിക്കുണ്ടെന്നാണ് ആശുപത്രിവൃത്തങ്ങള്‍ പറയുന്നത്.