വാഷിങ്ടൺ : തീരുവയുടെ കാര്യത്തിൽ ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ഇന്ത്യ ചർച്ചയ്‌ക്ക് എത്തുമെന്നു പ്രതീക്ഷിക്കുന്നതായി യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക്. വാഷിംഗ്ടണിനെ ദീർഘനേരം വെല്ലുവിളിക്കാൻ ന്യൂഡൽഹിക്ക് കഴിയില്ലെന്നും ലുട്‌നിക് കൂട്ടിച്ചേർത്തു. ഇന്ത്യ നിലപാട് മാറ്റിയില്ലെങ്കിൽ, യുഎസിലേക്കുള്ള കയറ്റുമതിയിൽ 50 ശതമാനം കുത്തനെയുള്ള തീരുവ ഏർപ്പെടുത്തേണ്ടിവരുമെന്ന മുന്നറിയിപ്പും ലുട്‌നിക് നൽകുന്നു.
‘‘ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ഇന്ത്യ ചർച്ചയ്‌ക്ക് എത്തുമെന്ന് ഞാൻ കരുതുന്നു. അവർ ക്ഷമ ചോദിക്കും. ഡോണൾഡ് ട്രംപുമായി ഒരു കരാർ ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യും. നരേന്ദ്ര മോദിയുമായി എങ്ങനെ ഇടപഴകണം എന്നതിനെക്കുറിച്ചുള്ള തീരുമാനം ട്രംപിന്റേതായിരിക്കും. ആ ചുമതല ഞങ്ങൾ അദ്ദേഹത്തിന് വിട്ടുകൊടുക്കുന്നു. അതുകൊണ്ടാണ് അദ്ദേഹം പ്രസിഡന്റായത്’’ – ലുട്നിക് പറഞ്ഞു.
യുഎസിന്റെ 50 ശതമാനം തീരുവയിൽ നിന്ന് രക്ഷപ്പെടാൻ ഇന്ത്യയ്ക്ക് കർശനമായ മുന്നറിയിപ്പ് നൽകിക്കൊണ്ട് മൂന്ന് വ്യവസ്ഥകളും ലുട്നിക്
മുന്നോട്ടു വെച്ചിട്ടുണ്ട. യുഎസുമായി സഖ്യമുണ്ടാക്കണോ അതോ ബ്രിക്സ് വഴി റഷ്യയുമായും ചൈനയുമായും ബന്ധം ശക്തിപ്പെടുത്തണോ എന്ന് ഇന്ത്യ തീരുമാനിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
” യു എസുമായി ഇന്ത്യ അവരുടെ വിപണി തുറക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുക. ബ്രിക്‌സിന്റെ ഭാഗമാകുന്നത് അവസാനിപ്പിക്കുക. റഷ്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള പാലമാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അങ്ങനെ തന്നെ തുടരുക! എന്നാൽ ഒന്നുകിൽ ഡോളറിനെ പിന്തുണയ്ക്കുക, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയെ പിന്തുണയ്ക്കുക, നിങ്ങളുടെ ഏറ്റവും വലിയ ക്ലയന്റിനെ പിന്തുണയ്ക്കുക അല്ലെങ്കിൽ 50 ശതമാനം താരിഫ് നൽകുക. ഇത് എത്രത്തോളം നീണ്ടുനിൽക്കുമെന്ന് നമുക്ക് നോക്കാം.” ഭീഷണിയുടെ സ്വരത്തിൽ ലുട്നിക് പറഞ്ഞു.
ലോകത്തിന്റെ ഉപഭോക്താവ് തങ്ങളാണെന്നും എല്ലാവരും ഉപഭോക്താവിലേക്ക് തിരികെ വരേണ്ടി വരുമെന്നും അമേരിക്കയുടെ സാമ്പത്തിക ആധിപത്യത്തെ ഊന്നിപ്പറഞ്ഞുകൊണ്ട് ലുട്‌നിക് പറഞ്ഞു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ ലുട്നിക് ഇന്ത്യയെ വിമർശിച്ചു. റഷ്യൻ സംഘർഷത്തിന് മുമ്പ് ഇന്ത്യ റഷ്യയിൽ നിന്ന് തങ്ങളുടെ എണ്ണയുടെ രണ്ട് ശതമാനത്തിൽ താഴെ മാത്രമാണ് വാങ്ങിയിരുന്നത്. എന്നാലിപ്പോൾ ഇന്ത്യ തങ്ങളുടെ എണ്ണയുടെ 40% റഷ്യയിൽ നിന്നാണ് വാങ്ങുന്നതെന്നും ലുട്നിക് കുറ്റപ്പെടുത്തി.
റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നതിന് മറുപടിയായി ട്രംപ് 50 ശതമാനം കുത്തനെയുള്ള തീരുവ ഏർപ്പെടുത്തിയതിനെത്തുടർന്ന് ഇന്ത്യ-യുഎസ് ബന്ധം വഷളായിരുന്നു. ഇന്ത്യക്കെതിരെയുള്ള നടപടിയെ ട്രംപ് മന്ത്രിസഭയിലെ അംഗങ്ങൾ തന്നെ രൂക്ഷമായ വിമർശനവും ഉന്നയിച്ചിരുന്നു. ട്രംപിൻ്റെ നീക്കത്തെ അന്യായവും നീതീകരിക്കാനാവാത്തതും യുക്തിരഹിതവുമാണെന്നായിരുന്നു ഇന്ത്യയുടെ വിലയിരുത്തൽ. റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യമായ ചൈനയെ ഒഴിവാക്കിക്കൊണ്ട് ഇന്ത്യക്കെതിരെ മാത്രം നടപടിയെന്തുകൊണ്ട് എന്നുള്ള ചോദ്യവും രാജ്യമുയർത്തിയിരുന്നു.