തിരുവനന്തപുരം : അടുത്ത അദ്ധ്യയന വർഷത്തേയ്ക്കുള്ള പാഠപുസ്തകങ്ങൾ നേരത്തെ വിതരണം ചെയ്യുന്നതിനെ വിമര്‍ശിച്ച മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പരീക്ഷയ്ക്ക് മുന്‍പ് പുസ്തകം കിട്ടാത്തതിനാല്‍ പാഠപുസ്തകത്തിന്റെ ഫോട്ടോസ്റ്റാറ്റെടുത്ത് പഠിച്ചൊരു കാലം കേരളത്തിലുണ്ടായിരുന്നു. അന്നത്തെ ആ കാലഘട്ടത്തിന് നേതൃത്വം നല്‍കിയ ആളാണ് ഇപ്പോള്‍ വിമര്‍ശിക്കുന്നത്. 2016ന് മുന്‍പുള്ള കാലഘട്ടത്തെ കുറിച്ചാണ് സൂചിപ്പിക്കുന്നത്. അതിനൊക്കെ തന്നെ നേതൃത്വം കൊടുത്ത ഒരു മഹാന്‍ ഇന്ന് വിമര്‍ശിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നത് തുഗ്ലക്ക് പരിഷ്‌ക്കാരമാണോ എന്നും വി ശിവന്‍കുട്ടി ചോദിച്ചു.
സര്‍ക്കാര്‍ വിദ്യാലയങ്ങളെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തുമ്പോള്‍ അതിനെ തുഗ്ലക് പരിഷ്‌ക്കാരമെന്ന് വിളിക്കാന്‍ ഒരു നേതാവ് ഇന്നിപ്പോള്‍ തയ്യാറായിരിക്കുന്നു. പാഠപുസ്തകം നേരത്തെ എത്തിക്കുന്നത് കുറ്റമാണോ, ആണെന്നാണ് അദ്ദേഹം പറയുന്നത്. സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് കുട്ടികളുടെ കയ്യില്‍ പുസ്തകവും യൂണിഫോമുമെത്തിക്കുന്നത് ഭരണപരമായ മികവാണ് – വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
ഒമ്പതാം ക്ളാസിലെ കുട്ടി ജയിച്ചോ എന്ന് അറിയാതെ പുതിയ പുസ്തകം കൊടുത്തിട്ട് എന്ത് കാര്യമെന്നും അടുത്ത ക്ലാസിലേക്ക് ജയിച്ചോ ഇല്ലയോ എന്ന് അറിയാതെയാണോ പാഠപുസ്തകം കൊടുത്തുകൊണ്ടിരിക്കുന്നത് എന്നായിരുന്നു അടുത്ത അദ്ധ്യയന വർഷത്തേയ്ക്കുള്ള പാഠപുസ്തകങ്ങളും യൂണിഫോമും നേരത്തെ നൽകുന്നതിൽ രമേശ് ചെന്നിത്തലയുടെ വിമർശനം. “എട്ടാം ക്ലാസിലെ വിദ്യാര്‍ഥി ഒന്‍പതാം ക്ലാസിലേക്ക് ജയിച്ചോ ഇല്ലയോ എന്ന് തീരുമാനിച്ചിട്ടില്ലല്ലോ. അത് ശിവന്‍കുട്ടിയാണോ തീരുമാനിക്കുന്നത്. പരീക്ഷ പേപ്പര്‍ നോക്കണ്ടേ. പത്തിലെ കുട്ടി ജയിച്ചാലല്ലേ 11ല്‍ പോകാന്‍ പറ്റു. അതിന് മുന്‍പ് പുസ്തകം കൊടുത്തിട്ട് കാര്യമുണ്ടോ. എന്തെല്ലാം തുഗ്ലക് പരിഷ്‌കാരങ്ങളാണ്. എനിക്ക് മനസിലാകുന്നില്ല. തങ്ങള്‍ പുസ്തകം നേരത്തെ അടിച്ചെന്ന് ആളുകളെ ബോധ്യപ്പെടുത്തുകയാണ്. കേരളത്തില്‍ നേരത്തെ പുസ്തകം കൊടുത്തിട്ടില്ലേ. ആദ്യമായിട്ടാണോ പുസ്‌കം കൊടുക്കുന്നത്. പണ്ടൊക്കെ എഴുത്തോലയില്‍ ആയിരുന്നു കുട്ടികള്‍ പഠിച്ചോണ്ടിരുന്നത്.” – ഇങ്ങനെ പോകുന്നു ചെന്നിത്തലയുടെ വിചിത്രവാദങ്ങൾ.
വിഷയത്തില്‍ സാമൂഹ്യമാധ്യമത്തിലും മന്ത്രി കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ –
ചെന്നിത്തലയുടേത് പാവപ്പെട്ട കുട്ടികള്‍ക്കെതിരെയുള്ള പോര്‍വിളി..
കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടേത് വെറുമൊരു രാഷ്ട്രീയ പ്രസ്താവനയല്ല, മറിച്ച് കേരളത്തിലെ പാവപ്പെട്ട കുട്ടികളുടെ ഭാവിക്ക് നേരെയുള്ള പോര്‍വിളിയാണ്. സര്‍ക്കാര്‍ വിദ്യാലയങ്ങളെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുമ്പോള്‍ അതിനെ ‘തുഗ്ലക്ക് പരിഷ്‌കാരം’ എന്ന് വിളിക്കാന്‍ ചെന്നിത്തലയ്ക്ക് എങ്ങനെ സാധിക്കുന്നു?
ഇതാണോ ചെന്നിത്തല പറയുന്ന ‘തുഗ്ലക്ക് പരിഷ്‌കാരം’?
പാഠപുസ്തകങ്ങള്‍ നേരത്തെ എത്തിക്കുന്നത് കുറ്റമോ?: സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് തന്നെ കുട്ടികളുടെ കൈയില്‍ പുസ്തകവും യൂണിഫോമും എത്തിക്കുന്നത് ഭരണപരമായ മികവാണ്. അല്ലാതെ പഴയ യു.ഡി.എഫ് കാലത്തെപ്പോലെ ഓണം കഴിഞ്ഞിട്ടും പുസ്തകത്തിനായി കുട്ടികളെ തെരുവില്‍ കാത്തുനിര്‍ത്തുന്നതാണോ നിങ്ങളുടെ വികസന മാതൃക?
2000 സ്‌കൂളുകളില്‍ 7000 റോബോട്ടിക് ലാബുകള്‍ സ്ഥാപിച്ച് പാവപ്പെട്ടവന്റെ മക്കളെ ആധുനിക സാങ്കേതികവിദ്യ പഠിപ്പിക്കുന്നത് തുഗ്ലക്ക് പരിഷ്‌കാരമാണോ? വരേണ്യവര്‍ഗത്തിന് മാത്രം ലഭിച്ചിരുന്ന ഈ സൗകര്യങ്ങള്‍ സാധാരണക്കാരന് ലഭ്യമാക്കുന്നത് കാണുമ്പോഴാണോ നിങ്ങള്‍ക്ക് അസ്വസ്ഥത?
കിഫ്ബി വഴി 973 സ്‌കൂളുകള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നു. അടച്ചുപൂട്ടാന്‍ പോയിരുന്ന സര്‍ക്കാര്‍ സ്‌കൂളുകളെ ജനകീയമാക്കി മാറ്റിയതാണോ ചെന്നിത്തല പരിഹസിക്കുന്ന ‘തുഗ്ലക്ക്’ രീതി?
ലോകം മാറുന്നതിനനുസരിച്ച് നമ്മുടെ കുട്ടികളും മാറണം. അതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും 3D മോഡലിംഗും സിലബസിന്റെ ഭാഗമാക്കിയത് തെറ്റാണോ? അതോ നമ്മുടെ കുട്ടികള്‍ ഇന്നും കല്ലേപ്പലകയില്‍ മാത്രം പഠിച്ചാല്‍ മതിയെന്നാണോ ചെന്നിത്തലയുടെ വാശി?
വിദ്യാര്‍ത്ഥികള്‍ക്ക് അപകട/ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയും സൗജന്യ ഹെല്‍ത്ത് കാര്‍ഡും ഉറപ്പാക്കി. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് താങ്ങായി നില്‍ക്കുന്ന ഈ സുരക്ഷാ പദ്ധതികളാണോ നിങ്ങള്‍ക്ക് പരിഹാസ്യമായി തോന്നുന്നത്?
പരീക്ഷാഫലം വരുന്നതിന് മുമ്പേ പുസ്തകം അച്ചടിക്കുന്നത് ആസൂത്രണമില്ലായ്മയല്ല, മറിച്ച് നിശ്ചയദാര്‍ഢ്യമാണ്. തോല്‍ക്കുമോ ജയിക്കുമോ എന്ന് സംശയിച്ചു നില്‍ക്കുന്ന ചെന്നിത്തലയുടെ രാഷ്ട്രീയ മന:സ്ഥിതിയല്ല കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിനുള്ളത്. പാവപ്പെട്ടവന്റെ മക്കള്‍ പഠിച്ചുയരുന്നത് കണ്ട് സമനില തെറ്റിയ ചെന്നിത്തല കേരളത്തിലെ വിദ്യാര്‍ത്ഥികളോട് മാപ്പു പറയണം.
