ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടെന്ന് ആരോപണവുമായി കഴിഞ്ഞ ദിവസമാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയത്. ബ്രസീലിയൻ മോഡൽ വരെ വോട്ടർ പട്ടികയിൽ ഇടം നേടിയെന്നടക്കമുള്ള ഗുരുതര ആരോപണങ്ങൾ രാഹുൽ ഗാന്ധി ഉന്നയിച്ചിരുന്നു. ഹരിയാനയിലെ വോട്ടിംഗ് പട്ടികയിൽ ഈ മോഡലിന്റെ പേര് എങ്ങനെ വന്നെന്നും മോഡൽ ആരാണെന്നും ആര്‍ക്കും അറിയില്ലെന്നും എന്നാല്‍ അവര്‍ ഹരിയാണയില്‍ 10 വ്യത്യസ്ത ബൂത്തുകളിലായി 22 തവണ വോട്ട് ചെയ്തിട്ടുണ്ടെന്നും അവര്‍ക്ക് സീമ, സ്വീറ്റി, സരസ്വതി, രശ്മി, വില്‍മ എന്നിങ്ങനെ പല പേരുകളുണ്ടെന്നും രാഹുല്‍ വെളിപ്പെടുത്തിയിരുന്നു.
ഹരിയാനയിലെ മൂന്ന് ജില്ലകളിലാണ് വ്യാപക ക്രമക്കേട് നടന്നതെന്നാണ് രാഹുലിന്റെ പ്രധാന ആരോപണം. ഇതിൽ 66 വോട്ടർമാരുള്ള പാൽവാൾ ജില്ലയിലെ ഹോഡലിലെ ഒരു വീടും 501 വോട്ടർമാരുള്ള മറ്റൊരു വീടും ഉൾപ്പെടുന്നു. സോണിപത് ജില്ലയിലെ റായിയിൽ, 10 ബൂത്തുകളിൽ 22 തവണ വോട്ട് ചെയ്യാൻ ഒരു ബ്രസീലിയൻ മോഡലിന്റെ ചിത്രം ഉപയോഗിച്ചെന്നുമായിരുന്നു രാഹുൽ ആരോപിച്ചത്.
ഹോഡലിൽ, രണ്ട് വിലാസങ്ങളും ഒന്നിലധികം വീടുകളും ഒന്നിലധികം കുടുംബങ്ങളും താമസിക്കുന്ന വലിയ പ്ലോട്ടുകളാണെന്ന് കണ്ടെത്തിയതെന്ന് ഇന്ത്യൻ എക്‌സ്പ്രസ് നടത്തിയ അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. അവരിൽ പലരും നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു. റായിയിൽ, വോട്ടർ പട്ടികയിൽ ബ്രസീലിയൻ പൗരയുടെ ഫോട്ടോകളുള്ള നാല് സ്ത്രീകളെയും കണ്ടെത്തിയതായി പറയുന്ന റിപ്പോർട്ടിൽ രാഹുൽ ഗാന്ധി ഈ വിഷയം ഉന്നയിക്കുന്നതുവരെ തങ്ങൾക്ക് ഇതിനെപ്പറ്റി അറിയില്ലായിരുന്നുവെന്ന് ആ സ്ത്രീകൾ പറഞ്ഞതായും സൂചിപ്പിക്കുന്നു.
ഇത്തവണ വോട്ട് ചെയ്യാൻ എനിക്ക് ഒരു പ്രശ്നവും ഉണ്ടായില്ല. എന്റെ 2012 ലെ വോട്ടർ കാർഡും അവർ നൽകിയ സ്ലിപ്പും ഞാൻ ഉപയോഗിച്ചു. ഫൊട്ടൊ തെറ്റായി വന്നതിനെപ്പറ്റി അറിയില്ല – സ്വീറ്റി പറഞ്ഞു. പ്രശ്‌നങ്ങളൊന്നുമില്ലാതെ വോട്ടുചെയ്‌തെന്ന് ഇതേ ചിത്രം തന്നെ വോട്ടർപ്പട്ടികയിൽ വന്ന മഞ്ജീത്ത് എന്ന യുവതിയും പറഞ്ഞതായി ഇന്ത്യൻ എക്‌സ്പ്രസ് വാർത്ത നൽകുന്നു.
ഹരിയാനയിലെ പത്തിലധികം പോളിംഗ് സ്റ്റേഷനുകളിൽ ഈ ഒരേ മുഖം വ്യത്യസ്ത പേരുകളിൽ വോട്ട് ചെയ്തുവെന്നും ഇത് ഒരു സാധാരണ വോട്ടറല്ലെന്നും ഒരു ബ്രസീലിയന്‍ മോഡലാണെന്നും രാഹുല്‍ അവകാശപ്പെട്ടതനുസരിച്ച് യുവതിയെ പരതിപ്പോയ ആർക്കും അവരെ കണ്ടെത്താനായില്ല. പകരം, ഫോട്ടോ എടുത്തത് ഒരു ബ്രസീലിയന്‍ ഫോട്ടോഗ്രാഫറാണെന്നറിഞ്ഞ് ആശ്വാസം കൊണ്ടു. മത്തേവൂസ് ഫെരേരോ എന്ന ഫോട്ടോഗ്രാഫറാണ് 2017-ല്‍ ഈ മോഡലിന്റെ ഫോട്ടോ എടുത്തിരിക്കുന്നത്. എന്നാൽ, യുവതിയുടെ ഐഡന്റിറ്റി ഇപ്പോഴും രഹസ്യമായി തുടരുന്നു
