സതീഷ് മേനോന്‍
തൊടുപുഴ : തൊടുപുഴയില്‍ പന്ത്രണ്ടാം അങ്കത്തിന് പി.ജെ.ജോസഫ് ഇറങ്ങുന്നു. കേരളകോണ്‍ഗ്രസ് വിഭാഗങ്ങളിലെ സ്ഥാപകനേതാക്കളില്‍ ജീവിച്ചിരിപ്പുള്ള ഒരേയൊരു നേതാവായ പി.ജെ.ജോസഫ് മകന്‍ അപു ജോസഫിനായി കളമൊഴിയുന്നുമെന്നായിരുന്നു പലരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ഒരിക്കല്‍ കൂടി മല്‍സരംഗത്തിറങ്ങാന്‍ പി.ജെ.തീരുമാനിച്ചു. പി.ജെ. ജോസഫിന് തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കാനുള്ള ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി ചര്‍ച്ചയുടെ ആവശ്യമില്ലെന്നും മകനും പാര്‍ട്ടി സംസ്ഥാന കോ- ഓര്‍ഡിനേറ്ററുമായ അപു ജോസഫ് പ്രതികരിച്ചു.സ്ഥാനാര്‍ത്ഥിത്വം ഉടന്‍ പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കും.
1970 ല്‍ തൊടുപുഴയില്‍ നിന്ന് ആദ്യമായി മല്‍സരിച്ച് വിജയിച്ച് പി.ജെ.ജോസഫ് പത്ത് തവണ ഒരേ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2001 ല്‍ പി.ടി.തോമസിനോട് തൊടുപുഴയില്‍ പരാജയപ്പെട്ടതൊഴിച്ചാല്‍ പത്തു തവണയും വിജയിച്ചു. 1989ല്‍ എം.എല്‍.എ ആയിരിക്കെ മൂവാറ്റുപുഴയില്‍ നിന്നും 1991 ല്‍ ല്‍ ഇടുക്കിയില്‍ നിന്നും പാര്‍ലമെന്റിലേക്ക് മല്‍സരിച്ചുവെങ്കിലും പരാജയപ്പെട്ടു.
തൊടുപുഴ,ഇടുക്കി, തിരുവല്ല, കടുത്തുരുത്തി, ചങ്ങനാശേരി, കുട്ടനാട്, കോതമംഗലം, ഇരിങ്ങാലക്കുട മണ്ഡലങ്ങളിലാണ് പാര്‍ട്ടി മല്‍സരിക്കുക. ഇടുക്കി കോണ്‍ഗ്രസുമായി വെച്ചു മാറാനും ആലോചനയുണ്ട്. മോന്‍സ് ജോസഫ് കടുത്തുരുത്തിയില്‍ നിന്ന് വീണ്ടും ജനവിധി തേടും. തിരുവല്ലയില്‍ പുതുമുഖത്തെ പരിഗണിക്കുന്നുവെങ്കിലും സീറ്റിനായി ജോസഫ് എം.പുതുശ്ശേരിയും രംഗത്തുണ്ട്.
കോട്ടയം ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷന്‍ അംഗം വിനു ജോബ്( ചങ്ങനാശ്ശേരി ), ജോസ്‌മോന്‍ മുണ്ടക്കല്‍ ( ഏറ്റുമാനൂര്‍ ), ഫ്രാന്‍സിസ് ജോര്‍ജ് എം.പിയുടെ സഹോദരപുത്രനായ കെ.എം.ജോര്‍ജ് ( കോതമംഗലം ), റജി ചെറിയാന്‍ (കുട്ടനാട് ) എന്നിവരാണ് സാദ്ധ്യതാപട്ടികയിലുള്ളത്. മുന്‍ എം.എല്‍.എ തോമസ് ഉണ്ണിയാടന്‍ ഇരിങ്ങാലക്കുടയ്ക്കായി രംഗത്തുണ്ട്.
