കൊച്ചി: കേരളത്തിലെ ആദ്യത്തെ ഫുഡ് സ്ട്രീറ്റുകളിലൊന്ന് കൊച്ചിയിൽ ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ജിസിഡിഎയുടെ സ്ഥലത്ത് കസ്തൂർബാ നഗറിൽ അർബൻ ഫ്ലവേഴ്സ് എന്ന പേരിലാണ് ഫുഡ് സ്ട്രീറ്റ് യാഥാർത്ഥ്യമായത്. കടകൾ പൂർണ്ണമായും സജ്ജമാവാൻ കുറച്ച് ദിവസം കൂടി എടുക്കും. ഇങ്ങോട്ടുളള റോഡ് BMBC നിലവാരത്തിൻ ടാർ ചെയ്തു കഴിഞ്ഞാൽ തൊട്ടടുത്ത് ഒട്ടേറെ പുതിയ വികസന പദ്ധതികൾ ആരംഭിക്കുമെന്നും മേയർ ഫേസ്‌ബുക്ക് കുറിപ്പിൽ പങ്കുവെച്ചു.
മേയർ എം. അനിൽ കുമാറിൻ്റെ ഫെയ്സ്ബുക്ക് കുറിപ്പ്:
കേരളത്തിൽ ആദ്യത്തെ ഫുഡ് സ്ട്രീറ്റുകളിലൊന്ന് കൊച്ചിയിൽ ആരംഭിക്കാം എന്നത് ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജിൻ്റെ വാഗ്ദാനമായിരുന്നു. ഞാൻ അതിൻ്റെ നാൾവഴി ഓർത്ത് ഇന്നലെ ആരോഗ്യ മന്ത്രിയോട് പറയുകയുണ്ടായി. ആദരണീയനായ സ. കോടിയേരിയുടെ വിയോഗത്തെ തുടർന്ന് അദ്ദേഹത്തിന് അന്ത്യോപചാരം അർപ്പിക്കാൻ ഞാൻ പോകുന്ന വഴിയിലാണ് മന്ത്രി എന്നെ വിളിച്ചത്. ഒരു കാര്യം പറയാനുണ്ട് പിന്നീട് സംസാരിക്കാം എന്ന് സൂചിപ്പിച്ചു. അടുത്ത ദിവസം തന്നെ എന്നെ വിളിച്ച് കൊച്ചിയ്ക്ക് ഇങ്ങനെ ഒരു ഫുഡ് സ്ട്രീറ്റ് നൽകാം എന്ന് പറഞ്ഞു. കൊച്ചി നഗരസഭ ആ പണം GCDA യ്ക്ക് കൈമാറി. GCDA യുടെ സ്ഥലത്ത് കസ്തൂർബാ നഗറിൽ അർബൻ ഫ്ലവേഴ്സ് എന്ന പേരിൽ ഫുഡ് സ്ട്രീറ്റ് യാഥാർത്ഥ്യമായി. കടകൾ പൂർണ്ണമായും സജ്ജമാവാൻ കുറച്ച് ദിവസം കൂടി എടുക്കും. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ 1 കോടി രൂപയും GCDA യുടെ 20 ലക്ഷം രൂപയും ചിലവഴിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. അങ്ങോട്ടുളള റോഡ് ഞങ്ങൾ BMBC നിലവാരത്തിൻ ടാർ ചെയ്യുകയാണ്. തൊട്ടടുത്ത് ഒട്ടേറെ പുതിയ വികസന പദ്ധതികളും ഞങ്ങൾ ആരംഭിക്കുകയാണ്. GCDA യും കൊച്ചി നഗരസഭയും ഏറ്റവും സഹകരിച്ച് മുന്നേറുന്ന ഒരു കാലത്താണ് ഇത് നടക്കുന്നത്.
ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജിന് കൊച്ചി നഗരസഭയുടെ നന്ദി. ഒപ്പം GCDA ചെയർമാൻ ശ്രീ. കെ.ചന്ദ്രൻപിള്ളയ്ക്കും. ഇതെല്ലാം യാഥാർത്ഥ്യമാക്കുന്നതിൽ എല്ലാ സഹകരണവും നൽകിയ നഗരസഭാ കൗൺസിലർ ലതിക ടീച്ചർക്കും അഭിനന്ദനങ്ങൾ
