വാഷിങ്ടൺ : താരീഫ് കാർഡു കാട്ടി തങ്ങൾക്ക് അനഭിമതരായ രാജ്യങ്ങളുമായി വ്യാപാര കരാറുണ്ടാക്കുന്ന രാഷ്ട്രത്തലവൻമാരെ ഭീഷണിപ്പെടുത്തുന്ന പതിവ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടരുകയാണ്. ഇപ്പോൾ കാനഡയ്ക്കെതിരെയാണ് ‘താരീഫ് വാൾ’ ഓങ്ങിയിരിക്കുന്നത്. ചൈനയുമായി വ്യാപാര കരാറുമായി മുന്നോട്ട് പോയാൽ കാനഡയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 100 ശതമാനം തീരുവ ചുമത്തുമെന്നാണ് യുഎസ് പ്രസിഡന്റിൻ്റെ ഭീഷണി.
ചൈനയ്ക്ക് അമേരിക്കയിലേക്ക് സാധനങ്ങളും ഉൽപ്പന്നങ്ങളും അയയ്ക്കാൻ കാനഡയെ ഒരു “ഡ്രോപ്പ് ഓഫ് പോർട്ട്” ആക്കുകയാണ് എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്. കരാർ നടപ്പിലായാൽ കാനഡയെ ചൈന മുഴുവനായി വിഴുങ്ങുമെന്നും ട്രംപ് കൂട്ടിച്ചേർക്കുന്നു. “കാനഡ ചൈനയുമായി ഒരു കരാറിൽ ഏർപ്പെട്ടാൽ, യുഎസ്എയിലേക്ക് വരുന്ന എല്ലാ കനേഡിയൻ ഉൽപ്പന്നങ്ങൾക്കും ഉടൻ തന്നെ 100% തീരുവ”- ട്രംപ് മുന്നറിയിപ്പും നൽകി.

വ്യാപാര തടസ്സങ്ങൾ നീക്കി, താരിഫ് കുറച്ച് കാനഡയും ചൈനയും നാഴികക്കല്ലായി മാറാവുന്ന ഒരു വ്യാപാര കരാറിൽ എത്തിയിരിക്കുകയാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കഴിഞ്ഞ ദിവസം കാർണി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. കരാർ പ്രകാരം, കാനഡയിലെ ഉൽപ്പന്നങ്ങളുടെ തീരുവ നിലവിലെ 84 ശതമാനത്തിൽ നിന്ന് 15 ശതമാനമായി കുറയും. കനേഡിയൻ സന്ദർശകർക്ക് വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാൻ ചൈന അനുവദിക്കും. കാനഡ 49,000 ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾ (ഇവി) ഇറക്കുമതി ചെയ്യും. ഇതാണ് ട്രംപിനെ ചൊടിപ്പിച്ചതും കനഡയെ താരീഫിൻ്റെ പേരിൽ ഭീഷണിപ്പെടുത്തി മുൾമുനയിൽ നിർത്താൻ തുനിഞ്ഞതും.
