Tuesday, February 3, 2026

‘മലയാളം നിർബ്ബന്ധമാക്കാനുള്ള നീക്കം ഭരണഘടനാ വിരുദ്ധം’; പിണറായി വിജയന് കത്തെഴുതി സിദ്ധരാമയ്യ

Date:

ബംഗളൂർ : മലയാളം ഒന്നാം ഭാഷയായി നിർബ്ബന്ധമാക്കാനുള്ള കേരള സർക്കാരിന്റെ നീക്കത്തിൽ ആശങ്ക രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സഹകരണ ഫെഡറലിസത്തിന്റെയും ഭരണഘടനാപരമായ ഉത്തരവാദിത്തത്തിന്റെയും അടിസ്ഥാനത്തിലാണ് താൻ ഈ കത്തെഴുതുന്നതെന്ന് സിദ്ധരാമയ്യ വ്യക്തമാക്കുന്നു.

നിർദ്ദിഷ്ട മലയാളം ഭാഷാ ബിൽ കാസർഗോഡ് പോലുള്ള അതിർത്തി ജില്ലകളിലെ കന്നഡ മീഡിയം സ്കൂളുകളിൽ പോലും മലയാളം നിർബ്ബന്ധമാക്കുന്നത് ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ബാധിക്കുമെന്ന് സിദ്ധരാമയ്യ കത്തിൽ പറഞ്ഞു. ഇന്ത്യയുടെ ശക്തി വിവിധ ഭാഷകളുടെയും സംസ്ക്കാരങ്ങളുടെയും സമാധാനപരമായ സഹവർത്തിത്വത്തിലാണ്. കാസർഗോഡ് പോലുള്ള പ്രദേശങ്ങളിൽ മലയാളം, കന്നഡ, തുളു, ബ്യാരി തുടങ്ങിയ ഭാഷകൾ തലമുറകളായി ഒത്തൊരുമയോടെയാണ് നിലനിൽക്കുന്നത്. ഒരു പ്രത്യേക ഭാഷ മാത്രം അടിച്ചേൽപ്പിക്കുന്നത് കുട്ടികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വലിയ ഭാരമാകുമെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.

ഭാഷാ ന്യൂനപക്ഷങ്ങൾക്ക് തങ്ങളുടെ തനിമയും സംസ്ക്കാരവും സംരക്ഷിക്കാൻ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളെക്കുറിച്ച് സിദ്ധരാമയ്യ കത്തിൽ വിശദീകരിച്ചിട്ടുണ്ട്. ഭരണഘടനയുടെ ആർട്ടിക്കിൾ 29, 30 എന്നിവ പ്രകാരം ഭാഷാപരമായ ന്യൂനപക്ഷങ്ങൾക്ക് സ്വന്തം ഭാഷ സംരക്ഷിക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താനുമുള്ള അവകാശമുണ്ട്. കൂടാതെ ആർട്ടിക്കിൾ 350A പ്രകാരം മാതൃഭാഷയിൽ വിദ്യാഭ്യാസം നൽകാനുള്ള സൗകര്യങ്ങൾ സംസ്ഥാനങ്ങൾ ഉറപ്പാക്കണം. ഏതൊരു നിയമനിർമ്മാണവും ഭരണഘടനാപരമായ ഈ ധാർമ്മികതയെ ഉൾക്കൊള്ളുന്നതാകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കന്നഡ ഭാഷയുടെ മഹത്വത്തിൽ അഭിമാനിക്കുമ്പോൾ തന്നെ, ഒരു ഭാഷയുടെ വളർച്ച മറ്റൊരു ഭാഷയുടെ മേലുള്ള കടന്നുകയറ്റമാകരുത് എന്നതാണ് കർണാടകയുടെ നയമെന്ന് സിദ്ധരാമയ്യ പറഞ്ഞു. കാസർഗോഡ് അതിർത്തി മേഖലയിലെ ഭൂരിഭാഗം ജനങ്ങളും കന്നഡ ഭാഷയേയും വിദ്യാഭ്യാസത്തെയുമാണ് ആശ്രയിക്കുന്നത്. ഈ യാഥാർത്ഥ്യത്തെ ബഹുമാനിക്കുന്നത് മലയാളത്തിന്റെ പ്രാധാന്യം കുറയ്ക്കില്ലെന്നും മറിച്ച് ഇന്ത്യയുടെ ബഹുസ്വരതയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഭാഷാ ന്യൂനപക്ഷങ്ങളുമായും അയൽസംസ്ഥാനങ്ങളുമായും ചർച്ചകൾ നടത്തിയ ശേഷം മാത്രമെ ഇത്തരമൊരു നിയമനിർമ്മാണവുമായി മുന്നോട്ട് പോകാവൂ എന്ന് അദ്ദേഹം കേരള സർക്കാരിനോട് അഭ്യർത്ഥിച്ചു.

ബിൽ പാസാക്കുകയാണെങ്കിൽ, ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ലഭ്യമായ എല്ലാ ഭരണഘടനാപരമായ വഴികളിലൂടെയും കർണാടക ഇതിനെ എതിർക്കുമെന്ന് കത്തിൽ മുന്നറിയിപ്പ് നൽകുന്ന സിദ്ധരാമയ്യ ചർച്ചകളിലൂടെയും ജനാധിപത്യ മൂല്യങ്ങളിലൂടെയും ഈ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുമെന്നും പ്രത്യാശ പ്രകടിപ്പിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ചടങ്ങിൽ ക്ഷണിച്ചില്ലെന്ന പരിഭവം ; വി കെ പ്രശാന്ത് എംഎൽഎയുടെ വാഹനം തടഞ്ഞ് കൗൺസിലർ, കേസെടുത്ത് പോലീസ്

തിരുവനന്തപുരം : വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്തിൻ്റെ വാഹനം വഴിയിൽ...

സം​ഗീതസംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു; അന്ത്യം ചെന്നൈയിലെ വീട്ടിൽ

ചെന്നൈ: സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് (70) അന്തരിച്ചു. ഹൃദയാഘാതത്തെ...

നിയമസഭയിൽ ഇന്നും പ്രതിപക്ഷ ബഹളം; സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറാൻ ശ്രമിച്ച് അൻവർ സാദത്ത്

തിരുവനന്തപുരം : നിയമസഭയിൽ കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന പ്രതിപക്ഷ പ്രതിഷേധം ഇന്നും...