ക്വാലാലംപൂർ : ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ യാതൊരുവിധ ഇരട്ടത്താപ്പും വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് പ്രധാനമന്ത്രി ഇന്ത്യൻ നിലപാട് വ്യക്തമാക്കിയത്.
മലേഷ്യയും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ വിശ്വാസമാണ് സാമ്പത്തിക പരിവർത്തനത്തിലേക്കുള്ള വഴിയെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി ഭീകരവാദത്തെ തടയുന്നതിനും സമാധാനം പുന:സ്ഥാപിക്കുന്നതിനുമുള്ള എല്ലാ ശ്രമങ്ങൾക്കും ഇന്ത്യയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും ഉറപ്പുനൽകി. അതിർത്തി കടന്നുള്ള ഭീകരവാദം ഉൾപ്പെടെയുള്ള എല്ലാത്തരം ഭീകര പ്രവർത്തനങ്ങളെയും ഇരുരാജ്യങ്ങളും സംയുക്തമായി അപലപിച്ചു.
ഭീകരവിരുദ്ധ പോരാട്ടം, ഇന്റലിജൻസ് വിവരങ്ങൾ പങ്കുവെക്കൽ, സമുദ്ര സുരക്ഷ എന്നീ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ഇരു നേതാക്കളും തീരുമാനിച്ചു. പ്രതിരോധ മേഖലയിലെ ബന്ധം കൂടുതൽ വിപുലീകരിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ഡിജിറ്റൽ സാങ്കേതികവിദ്യ എന്നിവയ്‌ക്കൊപ്പം സെമി കണ്ടക്ടർ, ആരോഗ്യം, ഭക്ഷ്യസുരക്ഷ തുടങ്ങിയ മേഖലകളിലും സഹകരിച്ച് പ്രവർത്തിക്കാൻ ഇന്ത്യയും മലേഷ്യയും ധാരണയിലെത്തി. സെമികണ്ടക്ടർ, ദുരന്തനിവാരണം എന്നിവയുൾപ്പെടെ 11 സുപ്രധാന കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.
മുൻകാലങ്ങളിൽ കാശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പാക്കിസ്ഥാനോട് ആഭിമുഖ്യം പുലർത്തിയിരുന്ന മലേഷ്യയുടെ നിലപാടിൽ വലിയ മാറ്റം പ്രകടമാകുന്നതാണ് ഈ സന്ദർശനം. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിന് മലേഷ്യ ഇപ്പോൾ മുൻഗണന നൽകുന്നതായി സംയുക്ത പ്രസ്താവന സൂചിപ്പിക്കുന്നു.
ലോകത്തിന്റെ വളർച്ചാ എൻജിനായി ഇൻഡോ-പസഫിക് മേഖല മാറിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയും മലേഷ്യയും തമ്മിലുള്ള തന്ത്രപരമായ വിശ്വാസം സാമ്പത്തിക പരിവർത്തനത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ തൊഴിലാളികളുടെ സാമൂഹിക സുരക്ഷ, ഡിജിറ്റൽ പേയ്മെന്റുകൾ, ടൂറിസം തുടങ്ങിയ മേഖലകളിലും പുതിയ കരാറുകൾ ഒപ്പിട്ടിട്ടുണ്ട്. വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിനെ കൈമാറുന്നത് സംബന്ധിച്ച വിഷയങ്ങളും ചർച്ചകളിൽ ഉയർന്നുവന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വരും വർഷങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുമെന്ന് പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും പ്രത്യാശ പ്രകടിപ്പിച്ചു.
