Monday, February 2, 2026

മുൻ കരസേനാ മേധാവിയുടെ വെളിപ്പെടുത്തലുകൾ സഭയിൽ ഉന്നയിച്ച് രാഹുൽ ഗാന്ധി, വിയോജിപ്പുമായി രാജ്‌നാഥ് സിംഗും അമിത് ഷായും ; സഭ പ്രക്ഷുബ്ധം

Date:

[Photo Courtesy : X]

ന്യൂഡൽഹി : മുൻ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെയുടെ പുറത്തിറങ്ങാത്ത പുസ്തകത്തിലെ ഉള്ളടക്കം പരാമർശിച്ചുള്ള രാഹുൽ ഗാന്ധിയുടെ പ്രസംഗം ലോക്സഭയെ പ്രക്ഷുബ്ധമാക്കി. ചൈനീസ് അതിർത്തിയിലെ വെല്ലുവിളികളെക്കുറിച്ച് നരവനെ പുസ്തകത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ രാഹുൽ ഉന്നയിച്ചതോടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ആഭ്യന്തര മന്ത്രി അമിത് ഷായും ശക്തമായ വിയോജിപ്പുമായി രംഗത്തെത്തി. പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിൽ നിന്നുള്ള കാര്യങ്ങൾ സഭയിൽ ഉദ്ധരിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് അവർ ചൂണ്ടിക്കാട്ടി. തുടർന്ന് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള രൂക്ഷമായ ബഹളത്തിനാണ് സഭ വേദിയായത്.

2020-ൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ലഡാക്ക് സംഘർഷത്തെക്കുറിച്ച് മുൻ കരസേന മേധാവി എം.എം. നരവനെ എഴുതിയ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തെക്കുറിച്ച് ഒരു മാഗസിനിൽ പ്രസിദ്ധീകരിച്ച ലേഖനം ഉയർത്തിക്കാട്ടിയായിരുന്നു രാഹുൽഗാന്ധിയുടെ പ്രസംഗം. സംഘർഷവേളയിൽ കൈലാസ് പർവതനിരകൾ ഒരുരാത്രി കൊണ്ട് ഇന്ത്യൻ സൈന്യം കൈയടക്കിയിരുന്നതായാണ് നരവനെയുടെ പുസ്തകത്തിൽ പറയുന്നതെന്ന് രാഹുൽഗാന്ധി പറഞ്ഞു. അവിടെ നിന്ന് ഇന്ത്യൻ സൈന്യത്തെ തുരത്താനായി ചൈനീസ് സൈന്യം ടാങ്കുകളുമായി മുന്നോട്ടുനീങ്ങിയ ഘട്ടത്തിൽ എന്ത് നടപടി സ്വീകരിക്കണമെന്ന് അറിയാൻ രാഷ്ട്രീയനേതൃത്വത്തെ ബന്ധപ്പെട്ടപ്പോൾ രാത്രി പ്രതിരോധമന്ത്രി ഫോണെടുത്തില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിട്ടും മറുപടി ലഭിച്ചില്ലെന്നും പുസ്തകത്തിൽ പറയുന്നുണ്ടെന്നും രാഹുൽ പറഞ്ഞു

രാഹുൽ ഗാന്ധി ഉദ്ധരിക്കുന്ന പുസ്തകം ഇതുവരെ വിപണിയിൽ എത്തിയിട്ടില്ലെന്നും അതിനാൽ അത് ആധികാരികമായി കണക്കാക്കാൻ കഴിയില്ലെന്നുമായിരുന്നു രാജ്‌നാഥ് സിംഗിൻ്റെ വാദം. സഭയിൽ ഉദ്ധരിക്കുന്ന കാര്യങ്ങളുടെ കൃത്യത ഉറപ്പാക്കാൻ രാഹുൽ ആ പുസ്തകം സഭയുടെ മേശപ്പുറത്ത് വെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു മാസികയിൽ വന്ന ലേഖനത്തെ അടിസ്ഥാനമാക്കിയാണ് രാഹുൽ സംസാരിക്കുന്നതെന്നും ഇത് സഭാ ചട്ടങ്ങളുടെ ലംഘനമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. മാസികകളിൽ എന്ത് വേണമെങ്കിലും എഴുതാമെന്നും എന്നാൽ പാർലമെന്റിൽ അത്തരം കാര്യങ്ങൾ ഉദ്ധരിക്കാനാവില്ലെന്നും അമിത് ഷായും പറഞ്ഞു.

താൻ ഉദ്ധരിക്കുന്നത് നൂറ് ശതമാനം ആധികാരികമായ വിവരങ്ങളാണെന്ന് രാഹുൽ ഗാന്ധി തിരിച്ചടിച്ചു. മുൻ കരസേനാ മേധാവിയുടെ ആത്മകഥയിലെ വരികൾ തന്നെയാണ് താൻ വായിക്കുന്നത്. ചൈനീസ് വിഷയത്തിൽ രാജ്യത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാരിനുണ്ടായ വീഴ്ചകൾ മറച്ചുവെക്കാനാണ് ഭരണപക്ഷം ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ജനറൽ നരവനെയുടെ പുസ്തകം പുറത്തിറങ്ങുന്നത് തടയാൻ സർക്കാർ സമ്മർദ്ദം ചെലുത്തുകയാണെന്നും രാഹുൽ ഗാന്ധി സഭയിൽ പറഞ്ഞു.

രാഹുൽ ഗാന്ധിയെ പിന്തുണച്ച് സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവും രംഗത്തെത്തി. ചൈനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ അതീവ ഗൗരവകരമാണെന്നും അതിനാൽ ഈ വിഷയത്തിൽ സംസാരിക്കാൻ പ്രതിപക്ഷ നേതാവിന് അനുമതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജനങ്ങൾ അറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തർക്കം രൂക്ഷമായതോടെ സ്പീക്കർ ഓം ബിർള ഇടപെട്ടു. ആധികാരികമായ രേഖകൾ അല്ലാത്തവ സഭയിൽ ഉദ്ധരിക്കരുതെന്ന് അദ്ദേഹം നിർദ്ദേശിച്ചു. പ്രസിഡൻ്റിൻ്റെ നന്ദിപ്രമേയത്തിന്മേലുള്ള ചർച്ചയ്ക്കിടെ നടന്ന ഈ വാഗ്വാദം സഭയിൽ വലിയ ബഹളത്തിന് കാരണമായി. ചൈനയുമായുള്ള അതിർത്തി തർക്കത്തിൽ കേന്ദ്ര സർക്കാർ പുലർത്തുന്ന മൗനത്തെ ചോദ്യം ചെയ്ത രാഹുൽ, തന്റെ ദേശസ്നേഹത്തെ ആരും ചോദ്യം ചെയ്യേണ്ടതില്ലെന്നും വ്യക്തമാക്കി. കേന്ദ്ര ബജറ്റ് 2026 ചർച്ച ചെയ്യുന്നതിനിടെയാണ് രാജ്യസുരക്ഷയും നരവനെയുടെ പുസ്തകവും ലോക്സഭയെ ചൂടുപിടിപ്പിച്ചത്. ബഹളത്തെ തുടർന്ന് പാർലമെൻ്റ് ഉച്ചകഴിഞ്ഞ് 3 മണി വരെ നിർത്തിവെച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പാക്കിസ്ഥാനിലെ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബലൂചിസ്ഥാൻ ആർമി ; ചാവേറുകളായ രണ്ട്  യുവതികളുടെ ചിത്രം പുറത്തുവിട്ടു

ഇസ്ലാമാബാദ് : പാക്കിസ്ഥാനിലെ വിവിധ നഗരങ്ങളിലും പട്ടണങ്ങളിലും നടന്ന വൻകിട ആക്രമണങ്ങളുടെ...

‘ബിജെപിയുടെ രാഷ്ട്രീയ മാതൃകയ്ക്ക് തമിഴകത്ത് സ്ഥാനമില്ല’ : വിമർശനവുമായി എം.കെ സ്റ്റാലിൻ

ചെന്നൈ : തമിഴ്‌നാട്ടിൽ ബിജെപിയുടെ രാഷ്ട്രീയ മാതൃകയ്ക്ക് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി എം.കെ  സ്റ്റാലിൻ....

അതിവേഗ റെയിലിനായി ‘അതിവേഗം’ ഓഫീസ് തുറന്ന് ഇ ശ്രീധരൻ ; ഭാര്യ രാധ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു

പൊന്നാനി : കേരളത്തിൽ അതിവേഗ റെയിൽപാത തുടങ്ങുന്നതിനായുള്ള ഡിപിആർ തയ്യാറാക്കാനായി പൊന്നാനിയിൽ...