തിരുവനന്തപുരം : കോൺഗ്രസ് വനിതാ നേതാവ് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ. ഫെബ്രുവരി മൂന്നിന് കോഴിക്കോട് വെച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ തന്നെ മോശക്കാരനാക്കി ചിത്രീകരിച്ചുവെന്നും 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ്. എംഎ ഷഹനാസ് ഉന്നയിച്ച ആരോപണങ്ങൾക്ക് ഒരു അടിസ്ഥാനവുമില്ല. 100 പാവപ്പെട്ടവർക്ക് വീട് വെച്ച് കൊടുക്കുന്ന പദ്ധതി നടപ്പാക്കുന്നുണ്ടെന്നും നഷ്ടപരിഹാര തുക ഇതിനായി ചെലവഴിക്കുമെന്നും വക്കീൽ നോട്ടീസിൽ പറയുന്നു.
ബലാത്സംഗക്കേസിൽ ജാമ്യം നേടി ജയിൽമോചിതനായ ശേഷം രാഹുൽ മാങ്കൂട്ടത്തിൽ തനിക്കെതിരെ നടത്തിയ പരാമർശങ്ങളോട് പ്രതികരിച്ചായിരുന്നു എംഎ ഷഹനാസ് ഫെബ്രുവരി മൂന്നിന് മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. രാഹുലും താനുമായും ഒരു സൗഹൃദവും ഇല്ലെന്നും തമ്മിൽ ഒരു സെൽഫി പോലും എടുത്തിട്ടില്ലെന്നും എംഎ ഷഹനാസ് കോഴിക്കോട് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. തനിക്കെതിരെ ആരോപണമുന്നയിച്ച ഷഹനാസ് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കാനടക്കം തന്നെ ക്ഷണിച്ചിരുന്നുവെന്ന രാഹുലിന്‍റെ പരാമർശം ശുദ്ധ കളവാണെന്നും ലിറ്ററേച്ചര്‍ ഫെസ്റ്റ് നടത്താന്‍ അവന്‍ നിരന്തരം എന്നോട് ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് ഷഹനാസ് പറഞ്ഞത്.
രാഹുൽ മാങ്കൂട്ടം ഒരു ‘കോഴി’ ആണെന്ന് തനിക്ക് പണ്ടേ അറിയാമെന്നും രാഹുൽ ആരോപിച്ച വിഷയങ്ങളിൽ അഴിഞ്ഞു വീഴാനുള്ള ഒന്നും തനിക്കില്ലെന്നും രാഹുലിന്റെ മുഖത്ത് നോക്കി സംസാരിക്കാനുള്ള ആർജവം തനിക്കുണ്ടെന്നും വാർത്താ സമ്മേളനത്തിൽ
വ്യക്തമാക്കിയ ഷഹനാസ് ഒരു പരസ്യ സംവാദത്തിനും രാഹുലിനെ വെല്ലുവിളിച്ചിരുന്നു.
രാഹുലിനെതിരെ ആദ്യ പരാതി വന്നപ്പോൾ മാനനഷ്ടത്തിന് കേസ് കൊടുക്കണമെന്ന് താൻ പറഞ്ഞിട്ടില്ല. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്തിന് നിയമനടപടിയെ ഭയക്കണം എന്നാണ് ചോദിച്ചത്. രാഹുൽ മാങ്കൂട്ടം എന്ന കോഴിയെ നിർത്തേണ്ട സ്ഥലത്ത് നിർത്തിയിട്ടുള്ള വ്യക്തിയാണ് താനെന്നും ഷഹനാസ് പറഞ്ഞു. നേരിട്ട് കാണണമെന്ന് പറഞ്ഞു രാഹുൽ തനിക്ക് മെസേജ് അയച്ചിട്ടുണ്ട്. കോഴിത്തരം എന്നോട് കാണിച്ചിട്ടുണ്ട്. ധൈര്യം ഉണ്ടെങ്കിൽ രാഹുൽ സ്ക്രീൻ ഷോട്ടുകൾ പുറത്തുവിടട്ടെ, എന്റെ സോഷ്യൽ മീഡിയ സ്റ്റോറികൾക്ക് രാഹുൽ അയച്ച മറുപടികൾ ഇൻബോക്സിൽ കാണാം’- ഷഹനാസ് വെല്ലുവിളിച്ചു. താൻ സാരി ഉടുത്തു ഇൻസ്റ്റാഗ്രാമിൽ ഇട്ട ഫോട്ടോയ്ക്ക് കമന്റ് ബോക്സിൽ വന്ന് രാഹുൽ മോശം മെസേജ് അയച്ചിട്ടുണ്ടെന്നും ഷഹനാസ് പറഞ്ഞു. അതിന് നല്ല മറുപടി കൊടുത്തിട്ടുമുണ്ട്. തന്റെ ഫോൺ വർഷങ്ങളായി ഉപയോഗിക്കുന്നത് ആണ്. പരിശോധനയ്ക്ക് വിധേയമാക്കാൻ തയ്യാറാണ്. രാഹുലിന് അതിന് തയ്യാറുണ്ടോ എന്നും ഷഹനാസ് ചോദിച്ചിരുന്നു.
