Thursday, January 29, 2026

പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു

Date:

പുണെ: പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ (83) അന്തരിച്ചു. ബുധനാഴ്ച രാത്രി പൂണെയിലെ വീട്ടിലായിരുന്നു അന്ത്യം. മരണവിവരം മകൻ സിദ്ധാർത്ഥ ഗാഡ്ഗിൽ ആണ് സ്ഥിരീകരിച്ചത്. ഇന്ത്യയിലെ ജനകീയ പരിസ്ഥിതി പ്രസ്ഥാനങ്ങൾക്ക് രൂപം നൽകുന്നതിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിയാണ് മാധവ് ഗാഡ്ഗിൽ. ഇദ്ദേഹം അദ്ധ്യക്ഷനായ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി 2011- ൽ സമർപ്പിച്ച റിപ്പോർട്ട്, പശ്ചിമഘട്ടത്തിന്റ 75 ശതമാനവും പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കണമെന്ന് ശുപാർശ ചെയ്തിരുന്നു. പശ്ചിമഘട്ടത്തിലെ അശാസ്ത്രീയമായ വികസന പ്രവർത്തനങ്ങൾ വൻ ദുരന്തങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.

ഇന്ത്യയുടെ സാമൂഹിക – രാഷ്ട്രീയ അജണ്ടകളിലേക്ക് പരിസ്ഥിതി നിർണ്ണായകമായ വിഷയമായി കൊണ്ടുവരുന്നതിൽ മാധവ് ​ഗാഡ്​ഗിൽ വഹിച്ച പങ്ക് വളരെ വലുതാണ്. ആദിവാസികൾ, കർഷകർ, മത്സ്യത്തൊഴിലാളികൾ എന്നിവരുമായി ചേർന്ന് പ്രവർത്തിച്ച അദ്ദേഹം, പരിസ്ഥിതി സംരക്ഷണത്തിൽ താഴെത്തട്ടിലുള്ള ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന ആശയം മുന്നോട്ടു വെച്ചു. 2024-ൽ ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പ്രോഗ്രാം (UNEP) അദ്ദേഹത്തെ ‘ചാമ്പ്യൻസ് ഓഫ് ദി എർത്ത്’ ആയി തെരഞ്ഞെടുത്തിരുന്നു.

1942-ൽ പൂനെയിൽ സമ്പന്ന ഗോവൻ ബ്രാഹ്‌മണകുടുംബത്തിൽ പിറന്ന മാധവ് ഗാഡ്ഗിൽ ബാല്യം മുതൽ ഒരു പ്രകൃതിസ്നേഹിയായിരുന്നു. പുണെയിലെ ഫെർഗൂസൻ കോളേജ്, ബോംബെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എന്നിവയിലെ പഠനത്തിന് ശേഷം ഹാർവാഡ് സർവ്വകലാശാലയിൽ ഉന്നത വിദ്യാഭ്യാസവും പൂർത്തിയാക്കി. ശേഷം ഇന്ത്യയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ 30 വർഷത്തോളം ജോലി ചെയ്തു. പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശക കൗൺസിലിൽ അം​ഗമായിരുന്നു.

ഇന്ത്യയുടെ ജൈവവൈവിദ്ധ്യ നിയമം (Biological Diversity Act) രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ഏഴ് പുസ്തകങ്ങളും 225-ലധികം ശാസ്ത്ര പ്രബന്ധങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ‘A Walk Up The Hill: Living With People And Nature’ എന്നത് അദ്ദേഹത്തിന്റെ ആത്മകഥയാണ്. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളെ കണക്കിലെടുത്ത് ഗാഡ്ഗിലിനെ രാജ്യം പദ്മശ്രീ, പദ്മഭൂഷൺ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചിരുന്നു.

പ്രശസ്ത മൺസൂൺ ശാസ്ത്രജ്ഞയായിരുന്ന ഭാര്യ സുലോചന ഗാഡ്ഗിൽ 2025 ജൂലൈയിലാണ് അന്തരിച്ചത്. മാധ്യമ പ്രവർത്തകയും സ്പാനിഷ് അദ്ധ്യാപികയുമായ ഗൗരി ഗാഡ്ഗിൽ മകളാണ്.  സംസ്കാരം വൈകിട്ട് നാലുമണിക്ക് പൂനയിലെ വൈകുണ്ഠ ശ്മശാനത്തിൽ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കട്ടപ്പന-തേനി തുരങ്കപാത: സാദ്ധ്യതാപഠനം നടത്താൻ 10 കോടി; വിഴിഞ്ഞം-ചവറ-കൊച്ചി റെയർ എർത്ത് ഇടനാഴി സ്ഥാപിക്കാൻ 10 കോടി

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ കട്ടപ്പനയിൽനിന്ന് തമിഴ്‌നാട്ടിലെ തേനിയിലേക്കുള്ള കട്ടപ്പന-തേനി തുരങ്കപാതയ്ക്ക് സാധ്യതാ...

സ്ത്രീ സുരക്ഷാ പെൻഷന് 3820 കോടി, ക്ഷേമപെൻഷന് 14,500 കോടി; ആശ വർക്കർമാരുടെ ഓണറേറിയം 1000 രൂപ കൂട്ടി

തിരുവനന്തപുരം : ധനമന്ത്രി കെ എൻ ബാലഗോപാൽ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ച...

സംസ്ഥാനത്ത് ഇനി ബിരുദ പഠനവും സൗജന്യം –  ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം വിദ്യാഭ്യാസരംഗത്ത് പുതുചരിത്രം!

തിരുവനന്തപുരം : കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് പുതുചരിത്രം രചിച്ച് സംസ്ഥാന ബജറ്റ്....