ആലപ്പുഴ : മുൻ മഖ്യമന്ത്രിയും സി പി എമ്മിൻ്റെ മുതിർന്ന നേതാവുമായ വി എസ് അച്ചുതാനന്ദൻ ആലപ്പുഴ വലിയ ചുടുകാട്ടിൽ അന്ത്യവിശ്രമം കൊണ്ടു. ബുധാനാഴ്ച രാത്രി 8.10 നായിരുന്നു ഔദ്യോഗിക ബഹുമതിയോടെയുള്ള സംസ്കാരചടങ്ങുകൾ.
തിരുവനന്തപുരത്ത് നിന്ന് വിലാപയാത്രയായി പുന്നപ്രയിലെ വീട്ടിലെത്തിച്ച വി എസിൻ്റെ മൃതദേഹം പിന്നീട് ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിലും പോലീസ് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് സംസ്ക്കാര ചടങ്ങുകൾക്കായി വലിയചുടുകാട്ടിലെത്തിച്ചത്.
സംസ്കാര സമയത്തിൽ മാറ്റം വരുത്തേണ്ടിവരുമെന്ന് നേരത്തെ തന്നെ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞിരുന്നു. അത്രയധികം ജനക്കൂട്ടമാണ് സ്നേഹവായ്പുകളോടെ
വി എസിനെ ഒരു നോക്കു കണ്ട് അന്ത്യാഭിവാദ്യമർപ്പിക്കാൻ ആലപ്പുഴയിലും അർദ്ധരാത്രി മുതൽ കാത്തുനിന്നിരുന്നത്. മലബാർ മേഖലയിലെ നല്ലൊറു ശതമാനം പ്രവർത്തകരും ആലപ്പുഴയിലാണ് വി എസിനെ കാണാൻ എത്തിച്ചേർന്നതെന്നതും ജനത്തിരക്ക് പ്രവചനാതീതമാക്കി. ഇത് കാരണം സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശന സമയം ചുരുക്കി. ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിലെ ക്യൂ തിരുവമ്പാടി വരെ നീണ്ടു. ഓഫീസിന് മുന്നിൽ കാത്തുനിൽക്കുന്നവർ റിക്രിയേഷൻ ഗ്രൗണ്ടിലേക്ക് എത്താൻ നിർദ്ദേശം നൽകി. ലക്ഷക്കണക്കിന് ആളുകളാണ് വിഎസിനെ കാണാനായി കാത്തുനിന്നിരുന്നത്. എല്ലാവർക്കും വിഎസിനെ കാണാനുള്ള അവസരം ഉണ്ടാകും എന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ബീച്ച് റിക്രിയേഷന്‍ ഗ്രൗണ്ടിലെ പൊതുദര്‍ശനം പൂര്‍ത്തിയാക്കി വൈകിട്ട് അഞ്ചുമണിയോടെ വലിയചുടുകാട്ടില്‍ സംസ്‌കാരം നടത്താനായിരുന്നു നേരത്തേ തീരുമാനം. എന്നാൽ തിരമാലകണക്കെ അലയടിച്ചെത്തിയ ആരാധകർ അക്ഷരാർത്ഥത്തിൽ ബീച്ച് റിക്രിയേഷന്‍ ഗ്രൗണ്ടിനെ ജനസാഗരയാക്കി മാറ്റി.
തലസ്ഥാനത്തിന്റെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി വി.എസ്. അച്യുതാനന്ദന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ച് കായംകുളത്ത് എത്തിയത് ബുധനാഴ്ച രാവിലെ 7.30 ഓടെയാണ്. കണക്കുകൂട്ടലുകളെ തെറ്റിച്ച് വഴിയോരം നിറയെ മഴയെ അവഗണിച്ചും പ്രിയസഖാവിനെ ഒരുനോക്കുകാണാനായി നൂറുകണക്കിന് ആളുകളാണ് കാത്തു നിന്നിരുന്നത്. ഇന്നലെ രാത്രി പുന്നപ്രയിൽ എത്തേണ്ട വിലാപയാത്ര ബുധനാഴ്ച ‘ രാവിലെ ഒമ്പതുമണിക്കെങ്കിലും വി എസിൻ്റെ വീട്ടിൽ എത്തുമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും അതും തെറ്റി.
തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ പുന്നപ്രയിലേക്ക് ഏകദേശം 151 കിലോമീറ്ററാണ് ദൂരം. എന്നാല്‍, വഴിയിലുടനീളം ജനസാഗരം തന്നെ അന്തിമോപചാരം അര്‍പ്പിക്കാന്‍ കാത്തുനില്‍ക്കുന്നതിനാല്‍ വിലാപയാത്ര രാത്രി ഏറെ വൈകി. നേരം പുലര്‍ന്നിട്ടും വിലാപയാത്രയ്ക്ക് ആലപ്പുഴ ജില്ലയിലേക്ക് കടക്കാനായില്ല. നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധിപേരാണ് വിലാപയാത്രയെ അനുഗമിക്കുന്നത്. പ്രിയനേതാവിനെ അവസാനമായി കാണാനായി റോഡിനിരുവശങ്ങളിലും വന്‍ ജനക്കൂട്ടമാണുള്ളത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സെക്രട്ടേറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍നിന്ന് വിഎസിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആരംഭിച്ചത്. വളരെ വൈകിയാണ് കൊല്ലം ജില്ലയിലെത്തിയത്. വിലാപയാത്ര 16 മണിക്കൂറില്‍ പിന്നിട്ടത് 92 കിലോമീറ്റര്‍. വഴിനീളെ വി എസിനെ കാണാൻ ജനങ്ങൾ നിൽക്കുന്നയിടത്തെല്ലാം അന്ത്യാഭിവാദ്യം അർപ്പിക്കാൻ അവസരമൊരുക്കിയിരുന്നു. രാത്രി മുതൽ പെയ്യുന്ന കനത്ത മഴയെയും അവഗണിച്ചാണ പതിനായിരങ്ങൾ പലയിടങ്ങളിലായി പ്രിയ സഖാവിന് അന്ത്യോപചാരമർപ്പിക്കാൻ എത്തിയത്.
അര്‍ദ്ധരാത്രി മുതല്‍ പുലരും നേരം വരെ വി എസ്സിനെ അവസാനമായി കാണാന്‍ കാത്തിരുന്നത് പതിനായിരങ്ങളാണ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ കാത്തുനിന്നവർക്ക് ഊർജം പകർന്നത് വി എസിൻ്റെ ത്യാഗോജ്വലമായി ജീവിതമായിരുന്നു –
‘ഇല്ല സഖാവെ നമുക്കില്ല വിശ്രമം, എല്ലാരും എന്നും ചിരിക്കുന്ന നാൾ വരെ!’