തിരുവനന്തപുരം : ശബരിമലയിലെ ട്രാക്ടര്‍ യാത്രയുമായി ബന്ധപ്പെട്ട് എഡിജിപി എം.ആര്‍.അജിത്കുമാറിന് എതിരെ നടപടി വേണമെന്ന് ശുപാര്‍ശ ചെയ്ത് പോലീസ് മേധാവി റാവാഡ ചന്ദ്രശേഖര്‍. അജിത്കുമാറിന്റെ വിശദീകരണം തൃപ്തികരമല്ലെന്നു കാട്ടി ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് പോലീസ് മേധാവി തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കി. നടപടി സ്വീകരിച്ച് ഹൈക്കോടതിയെ അറിയിക്കുന്നതാകും നല്ലതെന്നും ഡിജിപി ചൂണ്ടിക്കാട്ടി.
ഇതു സംബന്ധിച്ച പരാതിയില്‍ സര്‍ക്കാരിന്റെ വിശദീകരണം ഹൈക്കോടതി തേടിയിരുന്നു. സംഭവത്തില്‍ ട്രാക്ടറിന്റെ ഡ്രൈവറെ മാത്രം പ്രതി ചേര്‍ത്ത് പമ്പ പോലീസ് കേസെടുത്തത് വിവാദമായതിനു പിന്നാലെയാണ് അജിത്കുമാറിനെതിരെ നടപടി ശുപാര്‍ശ ചെയ്ത് പോലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. പമ്പയില്‍ നിന്നു സന്നിധാനത്തേക്കും തിരിച്ചുമാണ് എഡിജിപി അജിത്കുമാര്‍ ട്രാക്ടറില്‍ യാത്ര ചെയ്തത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
കാലിന് വേദന ആയതിനാലാണ് ട്രാക്ടറില്‍ സഞ്ചരിച്ചതെന്നാണ് അജിത്കുമാർ വിശദീകരണം നൽകിയത്. പമ്പ-സന്നിധാനം റൂട്ടില്‍ ചരക്കുനീക്കത്തിനു മാത്രമെ ട്രാക്ടര്‍ ഉപയോഗിക്കാവൂ എന്നാണ് ഹൈക്കോടതി വിധി. ഡ്രൈവറല്ലാതെ മറ്റൊരാളും അതില്‍ ഉണ്ടാകാന്‍ പാടില്ലെന്നും 12 വര്‍ഷം മുൻപു പുറപ്പെടുവിച്ച വിധിയില്‍ ഹൈക്കോടതി പറയുന്നുണ്ട്. ഈ നിരോധനം വകവയ്ക്കാതെയാണ് അജിത്കുമാര്‍ ട്രാക്ടര്‍ യാത്ര നടത്തിയത്. വിവാദമായതോടെ ശബരിമല സ്പെഷല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ഹൈക്കോടതി വിഷയത്തിൽ രൂക്ഷവിമര്‍ശനം നടത്തുകയും ചെയ്തിരുന്നു.