(Photo Courtesy : Crime branch Delhi Police /x)
ന്യൂഡൽഹി : സീരിയൽ കില്ലർ എന്ന് വിളിപ്പേരുള്ള അജയ് ലാംബയെ അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് വിഭാഗം. ഒരു പതിറ്റാണ്ടിലേറെയായി പോലീസിന് പിടികൊടുക്കാതെ ഒളിവിൽ കഴിഞ്ഞിരുന്ന ലാംബ, ഡൽഹിയിലും ഉത്തരാഖണ്ഡിലുമായി ഒന്നിലധികം ക്യാബ് ഡ്രൈവർമാരെ ക്രൂരമായി കൊലപ്പെടുത്തിയ ഒരു സംഘത്തിൻ്റെ തലവനാണെന്നാണ് പോലീസ് പറയുന്നത്.
ലാംബയും മൂന്ന് കൂട്ടാളികളും സ്ഥിരമായി ടാക്സി ഡ്രൈവർമാരെ ലക്ഷ്യമിട്ടായിരുന്നു കൊലപാതകപരമ്പര ആസൂത്രണം ചെയ്തിരുന്നത്. യാത്രക്ക് ടാക്സി ബുക്ക് ചെയ്യുന്ന സംഘം, കൃത്യമായ ആസൂത്രണത്തോടെ ഉത്തരാഖണ്ഡ് കുന്നുകളിലെ വിദൂര പ്രദേശങ്ങളിലേക്ക് കൊണ്ടുപോയി ഡ്രൈവർമാരെ ബോധരഹിതരാക്കി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹങ്ങൾ ആഴമുള്ള മലയിടുക്കുകളിൽ ഉപേക്ഷിച്ചു കാറുമായി രക്ഷപ്പെടുകയാണ് സ്ഥിരം പതിവ്. മോഷ്ടിച്ച വാഹനങ്ങൾ പിന്നീട് നേപ്പാളിലേക്ക് കടത്തി മറിച്ചുവിൽക്കും.
കൊല ചെയ്യപ്പെട്ട ഒരു ഡ്രൈവറുടെ മൃതദേഹം അധികൃതർ കണ്ടെടുത്തിരുന്നു. അതേസമയം കുറഞ്ഞത് മൂന്ന് ഇരകളുടെയെങ്കിലും അവശിഷ്ടങ്ങൾ ഇതുവരെ കണ്ടെത്താനായിട്ടില്ല. വർഷങ്ങളായി കാണാതായ മറ്റ് നിരവധി ക്യാബ് ഡ്രൈവർമാരുടെ തിരോധാനത്തിന് പിന്നിലും ഈ സംഘമായിരിക്കാമെന്ന് അധികൃതർ സംശയിക്കുന്നു.
കഴിഞ്ഞ 10 വർഷമായി ലാംബ നേപ്പാളിൽ ഒളിവിൽ കഴിയുകയായിരുന്നെന്ന് പോലീസ് അറിയിച്ചു.
ക്യാബ് ഡ്രൈവർമാരെ കൊലപ്പെടുത്തിയതിനു പുറമേ, ഡൽഹിയിലും ഒഡീഷയിലും മയക്കുമരുന്ന് കടത്ത്, കവർച്ച എന്നിവയിലും ലാംബ സജീവമായിരുന്നു . 2001 മുതൽ അയാൾ ക്രിമിനൽ പ്രവർത്തനങ്ങളിൽ സജീവമാണെന്ന് റിപ്പോർട്ടുണ്ട്. അജയ് ലാംബയുടെ
കൂട്ടാളികളിലൊരാളായ ധീരേന്ദ്ര ദിലീപ് പാണ്ഡെയെ ഇതിനകം തന്നെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം മറ്റൊരു ഗുണ്ടാസംഘാംഗമായ ധീരജ് ഒളിവിലാണ്. അന്വേഷണം പുരോഗമിക്കുകയാണെന്നും അജയ് ലാംബയെ അധികൃതർ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് പറഞ്ഞു.
