തിരുവനന്തപുരം : തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വോട്ട് അഭ്യർത്ഥിക്കുന്നതിനിടെ വീട്ടമ്മയെ കയറിപ്പിടിച്ച ബിജെപി പ്രവർത്തകനെതിരെ കേസ്. മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാർഡിൽ വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. ബിജെപി പ്രവർത്തകനായ രാജുവിനെതിരെയാണ് മംഗലപുരം പോലീസ് കെസെടുത്തത്. ഇയാൾ ഒളിവിലാണെന്നാണ് വിവരം.
ഇടവിളാകം വാർഡിലെ ബിജെപി സ്ഥാനാർത്ഥി വീടുകളിൽ കയറി വോട്ട് അഭ്യർത്ഥിക്കുന്നതിനിടയിലാണ് സംഭവം. സ്ഥാനാർത്ഥിക്കൊപ്പം വന്ന രാജു വീട്ടമ്മയോട് കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. അപ്പോഴേക്കും കൂടെയുണ്ടായിരുന്ന മറ്റെല്ലാ പ്രവർത്തകരും വീടിന് പുറത്തിറങ്ങിയിരുന്നു. വീട്ടമ്മ വെള്ളം എടുക്കാനായി വീട്ടിനകത്തേയ്ക്ക് പോയപ്പോൾ രാജു കൂടെ പോവുകയും വീട്ടമ്മയെ കയറിപ്പിടിക്കാൻ ശ്രമിക്കുകയുമായിരുന്നു. വീട്ടമ്മ ബഹളം വെച്ചതിനെ തുടർന്ന് രാജു വീട്ടിൽ നിന്നും ഇറങ്ങി ഓടി.
വീട്ടമ്മയുടെ പരാതിയിലാണ് മംഗലപുരം പോലീസ് രാജുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പ്രതിക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
