[Photo Courtesy : X]
വാഷിങ്ടൺ : റോഡ് ഐലൻഡിലെ പ്രൊവിഡൻസിലുള്ള ബ്രൗൺ യൂണിവേഴ്‌സിറ്റിയിൽ ശനിയാഴ്ച നടന്ന വെടിവെയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. എട്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഐവി ലീഗ് യൂണിവേഴ്‌സിറ്റിയിൽ അവസാന പരീക്ഷകൾ നടക്കുന്നതിനിടെയാണ് സംഭവം. പ്രതിയ്ക്കായി പോലീസ് തിരച്ചിൽ നടത്തുകയാണെന്ന് പ്രൊവിഡൻസ് മേയർ പറഞ്ഞു
പരീക്ഷയുടെ രണ്ടാം ദിവസമുണ്ടായ സംഭവത്തെ തുടർന്ന് സർവ്വകലാശാലാ കാമ്പസിൽ കനത്ത പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. പ്രതിയ്ക്കായി പോലീസ് വിവിധ കെട്ടിടങ്ങളിൽ തിരച്ചിൽ തുടർന്നു. ചുറ്റുമുള്ള പ്രദേശത്തെ താമസക്കാരോട് വീടിനുള്ളിൽ തന്നെ തുടരാൻ നിർദ്ദേശം നൽകി.
ഇരുണ്ട വസ്ത്രം ധരിച്ച ഒരാളാണ് പ്രതിയെന്നും കെട്ടിടത്തിന് പുറത്തേക്ക് അവസാനമായി പുറത്തിറങ്ങിയത് ഇയാളാണെന്നും ഡെപ്യൂട്ടി പോലീസ് മേധാവി തിമോത്തി ഒ’ഹാര പറഞ്ഞു. പ്രദേശം സുരക്ഷിതമാണെന്ന് പ്രഖ്യാപിക്കുന്നതുവരെ വീടിനുള്ളിൽ തന്നെ തുടരാനും പുറത്തിറങ്ങുന്നത് ഒഴിവാക്കാനും പ്രൊവിഡൻസ് മേയർ ബ്രെറ്റ് സ്മൈലി താമസക്കാരോട് അഭ്യർത്ഥിച്ചു. പ്രതിയെ പിടികൂടാൻ ലഭ്യമായ എല്ലാ മാർഗ്ഗങ്ങളും വിന്യസിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ബ്രൗൺ യൂണിവേഴ്സിറ്റി ഭരണകൂടം ആദ്യം വിദ്യാർത്ഥികളോടും ജീവനക്കാരോടും സംശയിക്കപ്പെടുന്ന ഒരാൾ കസ്റ്റഡിയിലുണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് അത് തിരുത്തി. കസ്റ്റഡിയിലെടുത്ത വ്യക്തിക്ക് സംഭവവുമായി ബന്ധമില്ലെന്ന് മേയർ വ്യക്തമാക്കി. ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയയിലൂടെ അനുശോചനം രേഖപ്പെടുത്തി. പോലീസ് സംഭവസ്ഥലത്ത് നിന്ന് വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നും എഫ്ബിഐ ഓപ്പറേഷനിൽ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു
