കോഴിക്കോട് : പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തച്ചനാട്ടുകര സ്വദേശിനിയായ നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ അതീവ ജാഗ്രതയോടു കൂടിയാണ് 39 കാരിയെ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കോഴിക്കോട് മെഡിക്കൽ കോളജിലെ നിപ വാർഡിലാണ് ഇവരെ പ്രവേശിപ്പിച്ചത്.
യുവതിയുടെ സമ്പർക്ക പട്ടികയിൽ ഉള്ള 99 പേരിൽ ഒരു പത്തു വയസ്സുകാരിയെ നേരിയ പനിയെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് ഡോക്ടർസ് അറിയിക്കുന്നത് സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തച്ചനാട്ടുകര കരിമ്പുഴ പഞ്ചായത്തുകളിലെ കണ്ടെയ്ന്മെന്റ് സോണുകളിൽ കനത്ത സുരക്ഷ തുടരുന്നു.
അതേസമയം, സംസ്ഥാനത്തെ നിപ സമ്പർക്ക പട്ടികയിൽ ആകെ 425 പേരുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. മലപ്പുറത്ത് ചികിത്സയിലുള്ള അഞ്ചുപേർ ഐസിയുവിലാണ്. നിപ സ്ഥിരീകരിച്ച പ്രദേശങ്ങളിൽ പനി സർവൈലൻസ് നടത്താൻ ഇന്ന് ചേർന്ന ആരോഗ്യവകുപ്പ് ഉന്നത തലയോഗം നിർദ്ദേശം നൽകി.
മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരും ആണ് നിപ സമ്പർക്ക പട്ടികയിൽ ഉള്ളത്. മലപ്പുറത്ത് 12 പേർ ചികിത്സയിൽ . അഞ്ചുപേർ ഐസിയുവിൽ. ഇതിൽ ഒരാളുടെ ഫലം നെഗറ്റീവ് ആയിട്ടുണ്ട്. പട്ടികയിലുള്ള പാലക്കാട്ടെ 61 പേരും കോഴിക്കോട് 87 പേരും ആരോഗ്യ പ്രവർത്തകരാണ്. നിപ സ്ഥിരീകരിച്ച പാലക്കാട്ടേയും മലപ്പുറത്തെയും വ്യക്തികളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. ഇടയ്ക്കിടെ സംസ്ഥാനത്ത് നിപ സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ ജാഗ്രതയോടൊപ്പം ഉറവിടം കണ്ടെത്താനുള്ള ശ്രമവും ആരോഗ്യവകുപ്പ് ഊർജിതമാക്കി.