വാഷിംങ്ടൺ : മെക്സിക്കോ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 30% തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സഖ്യകക്ഷികളുമായി ആഴ്ചകളോളം നീണ്ടുനിന്ന വ്യാപാര ചർച്ചകൾക്കൊടുവിലും സമഗ്രമായ ഒരു കരാർ ഉണ്ടാക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് നടപടി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. ഓഗസ്റ്റ് 1 മുതൽ പുതിയ തീരുവ പ്രാബല്യത്തിൽ വരും.
യൂറോപ്യൻ യൂണിയൻ അമേരിക്കയുമായി സമഗ്രമായ ഒരു വ്യാപാര കരാർ പിന്തുടരുന്ന സാഹചര്യത്തിൽ ട്രംപിൻ്റെ ഈ നടപടി ഇരു രാജ്യങ്ങളുടെയും തുടർന്നുള്ള നീക്കങ്ങൾക്ക് വലിയ തടസ്സം സൃഷ്ടിച്ചേക്കും. ഈ ആഴ്ച ആദ്യമാണ് ജപ്പാൻ, ദക്ഷിണ കൊറിയ, കാനഡ, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് താരിഫ് വർദ്ധന വരുത്തിയത്. ചെമ്പിന് 50 ശതമാനം കുത്തനെയുള്ള തീരുവയും ഏർപ്പെടുത്തിയിരുന്നു ട്രംപ്. .
അമേരിക്കയുമായി വ്യാവസായിക ഉൽപ്പന്നങ്ങൾക്ക് സീറോ താരിഫ് വ്യാപാര കരാറാണ് യൂറോപ്യൻ യൂണിയൻ ആദ്യം ശ്രമിച്ചത്. തങ്ങളുടെ വ്യാവസായിക മേഖലയെ സംരക്ഷിക്കുന്നതിനായി ജർമ്മനി ഒരു ത്വരിത കരാറിനായി ശ്രമിച്ചെങ്കിലും, ഫ്രാൻസ് പോലുള്ള രാജ്യങ്ങൾ ഏകപക്ഷീയമായ യുഎസ് നിർദ്ദേശത്തെ എതിർത്തു. അമേരിക്കൻ വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനും ആഭ്യന്തര വരുമാനം ഉണ്ടാക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നടപടികൾക്ക് രൂപം നൽകുന്നതെന്നാണ് പ്രസിഡൻ്റിൻ്റെ വാദം.
ട്രംപിന്റെ വ്യാപാര നിലപാട് വൈ.എസ്. വരുമാന പ്രവാഹങ്ങളെ പുനർനിർമ്മിക്കാൻ തുടങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ച പുറത്തിറക്കിയ ട്രഷറി ഡാറ്റ പ്രകാരം, ജൂൺ വരെയുള്ള സാമ്പത്തിക വർഷത്തിൽ ഫെഡറൽ ഗവൺമെന്റ് പിരിച്ച കസ്റ്റംസ് തീരുവ 100 ബില്യൺ യുഎസ് ഡോളർ കവിഞ്ഞു – പുതുതായി ഏർപ്പെടുത്തിയ താരിഫുകളാണ് ഇതിന് കാരണം.
