വാഷിങ്ടണ്‍: ഇറക്കുമതി തീരുവ അനുനിമിഷം ഉയർത്തി ഇന്ത്യക്കുമേൽ സമ്മർദ്ദം ചെലുത്തി കാര്യങ്ങളെല്ലാം തൻ്റെ വരുതിയിലാക്കാൻ യു എസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യന്‍ ഇറക്കുമതിക്ക് ഏർപ്പെടുത്തിയ 25% തീരുവക്ക് മേല്‍ അധിക തീരുവ 25% കൂടി ചേർത്ത് 50% ശതമാനമാക്കി ദിവസം ഒന്ന് പിന്നിട്ടില്ല, അതിന് മുൻപെ ഇതാ വീണ്ടും പുതിയ ഭീഷണിയുമായി ട്രംപ് എത്തി. യുക്രൈൻ – റഷ്യ യുദ്ധത്തിൽ റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തിയ യു എസ് തീരുമാനത്തോട് ഇന്ത്യ സഹകരിച്ചില്ലെന്നു മാത്രമല്ല, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങി യുക്രൈന്‍ യുദ്ധത്തിന് ഇന്ത്യ സഹായധനം നല്‍കുകയാണെന്നുമാണ് ട്രംപിൻ്റെ ആരോപണം. ഇതിനെ തുടർന്നാണ് ഇന്ത്യക്ക് 25 ശതമാനം അധികത്തീരുവ ഈടാക്കുന്ന എക്‌സിക്യുട്ടീവ് ഉത്തരവില്‍ ഡൊണാള്‍ഡ് ട്രംപ് ബുധനാഴ് ഒപ്പുവെച്ചത്.
റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ ഇന്ത്യക്ക് മേല്‍ കൂടുതല്‍ ദ്വിതീയ ഉപരോധങ്ങള്‍ ( ഉപരോധമുള്ള രാജ്യവുമായി വ്യാപാര- സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന ഒരു മൂന്നാംകക്ഷി രാജ്യത്തിന് ചുമത്തുന്നത്) ഏര്‍പ്പെടുത്തുമെന്നാണ് ട്രംപിൻ്റെ പുതിയ മുന്നറിയിപ്പ്.
ചൈനയെപ്പോലുള്ള രാജ്യങ്ങളും റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുമ്പോള്‍ ഇന്ത്യയെ മാത്രം എന്തിന് ലക്ഷ്യമിടുന്നു എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ‘എട്ട് മണിക്കൂറേ ആയിട്ടുള്ളൂ. എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം’ എന്ന് ട്രംപ് മറുപടി നല്‍കി. ‘നിങ്ങള്‍ ഇനിയും ഒരുപാട് കാണാനിരിക്കുന്നതേയുള്ളൂ. നിരവധി ദ്വിതീയ ഉപരോധങ്ങള്‍ നിങ്ങള്‍ കാണും’ അണിയറയിൽ കടുത്ത നിലപാടുകൾക്കുള്ള ഒരുക്കങ്ങൾ നടക്കുകയാണെന്ന ഓർമ്മപ്പെടുത്തൽ കൂടിയാവുന്നു ട്രംപിൻ്റെ വാക്കുകൾ.
യുക്രൈന്‍ – റഷ്യ സംഘർഷത്തിൽ റഷ്യയുമായുള്ള സാമ്പത്തിക ബന്ധം വിച്ഛേദിക്കാന്‍ രാജ്യങ്ങളുടെ മേല്‍ യുഎസ് സമ്മര്‍ദ്ദം ശക്തമാക്കുന്നതിനിടെ ഇന്ത്യ റഷ്യയുമായി തുടരുന്ന എണ്ണവ്യാപാരം ട്രംപിലുണ്ടാക്കിയ നീരസമാണ് പരാമര്‍ശത്തിലുടനീളം നിഴലിക്കുന്നത്. റഷ്യയും യുക്രൈനും തമ്മിലുള്ള ഒരു സമാധാന കരാര്‍ ഇന്ത്യയുടെ മേലുള്ള അധിക താരിഫുകൾ നീക്കം ചെയ്യുന്നതിലേക്ക് നയിക്കുമോ എന്ന് ചോദിച്ചപ്പോള്‍, ‘അക്കാര്യം ഞങ്ങള്‍ പിന്നീട് തീരുമാനിക്കും’ എന്ന് ട്രംപ് മറുപടി നല്‍കി. 50% തീരുവക്ക് പുറത്ത് പകരച്ചുങ്കം വ്യാഴാഴ്ച നിലവിൽ വരുമെന്നാണ് പ്രഖ്യാപനം. അതിൻമേലുള്ള അധികതീരുവ 21 ദിവസത്തിനകവും പ്രാബല്യത്തില്‍ വരും. റഷ്യന്‍ എണ്ണയുടെ കാര്യത്തില്‍ ഇന്ത്യക്ക് ഒരു സമവായം ഉണ്ടാക്കാനുള്ള സമയമാണ് 21 ദിവസം.