വാഷിംങ്ടൺ : ഫാർമസ്യൂട്ടിക്കൽ മരുന്നുകൾക്ക് 100 ശതമാനം നികുതി പ്രഖ്യാപനവുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. പുതിയ തീരുവ ഒക്ടോബർ ഒന്നിന് പ്രാബല്യത്തിൽ വരുത്താനാണ് നീക്കം. മരുന്നുകൾക്ക് പുറമെ കിച്ചൺ കാബിനറ്റുകൾക്കും ബാത്ത്റൂം ഫിറ്റിംഗ് സുകൾക്കും 50% നികുതിയും, അപ്ഹോൾസ്റ്റേർഡ് ഫർണിച്ചറുകൾക്ക് 30%, ഹെവി ട്രക്കുകൾക്ക് 25% നികുതിയും ചുമത്തും.
വിദേശ നിർമ്മാതാക്കൾ യുഎസ് കമ്പനികളെ തകർക്കുകയാണെന്നാണ് ട്രംപിൻ്റെ വാദം. “ഫർണിച്ചറുകളും കാബിനറ്റുകളും യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് ഒഴുകുകയാണ്. ഹെവി ട്രക്കുകളും അനുബന്ധ ഭാഗങ്ങളും നമ്മുടെ സ്വന്തം നിർമ്മാതാക്കളെ ദോഷകരമായി ബാധിക്കുന്നു. ദേശീയ സുരക്ഷയ്ക്കും മറ്റ് കാരണങ്ങൾക്കും തീരുവ ആവശ്യമാണ്.” ട്രംപ് വ്യക്തമാക്കുന്നു. ഇറക്കുമതി തീരുവകൾ ഫെഡറൽ കമ്മീഷൻ കുറയ്ക്കുന്നതിനും ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുമെന്നാണ് ട്രംപി ൻ്റെ കണക്കുകൂട്ടൽ.
എന്നാൽ, ഈ തന്ത്രം പണപ്പെരുപ്പം വഷളാക്കുമെന്നും വളർച്ചയെ തടസ്സപ്പെടുത്തുമെന്നും വിമർശകർ മുന്നറിയിപ്പ് നൽകുന്നു. നേരത്തെയുള്ള തീരുവകളുമായി പൊരുത്തപ്പെട്ട ബിസിനസ്സുകൾക്ക് പുതിയ ചെലവുകളും അനിശ്ചിതത്വവും നേരിടേണ്ടിവരുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഈ ആശങ്കകളെ തള്ളിക്കളഞ്ഞ ട്രംപ്, അമേരിക്കൻ ജോലികളെയും ഫാക്ടറികളെയും സംരക്ഷിക്കുന്നതാണ് തൻ്റെ ഈ നയമെന്നും ഇവിടെ ഉൽപ്പന്നങ്ങൾ വിൽക്കേണ്ടവർ ഇവിടെ തന്നെ നിർമ്മിക്കണമെന്നും വ്യക്തമാക്കി.