Tuesday, February 10, 2026

ട്വന്‍റി20 ലോകകപ്പ് : ബഹിഷ്ക്കരണത്തിൽ നിന്ന് പിന്മാറി പാക്കിസ്ഥാൻ ; ഇന്ത്യ-പാക് പോരാട്ടം ഞായറാഴ്ച

Date:

ലാഹോർ : ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെയുള്ള മത്സരം ബഹിഷ്ക്കരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി പാക്കിസ്ഥാൻ. ഇതോടെ ഞായറാഴ്ച കൊളംബോയിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും എന്ന് ഉറപ്പായി. നേരത്തെ ഫെബ്രുവരി 15 ന്  നടക്കേണ്ട ഇന്ത്യക്കെതിരായ മത്സരം ബഹിഷ്ക്കരിക്കുമെന്ന് പാക്കിസ്ഥാൻ വ്യക്തമാക്കിയിരുന്നു. പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്‍റ് മൊഹ്സിന്‍ നഖ്‌വി പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫുമായി നടത്തിയ ചർച്ചക്കൊടുവിലാണ് ഇന്ത്യക്കെതിരെ കളിക്കാന്‍ തീരുമാനിച്ചത് എന്നാണ് റിപ്പോർട്ട്. തങ്ങൾ മുന്നോട്ടുവെച്ച ചില ആവശ്യങ്ങളിൽ ഐസിസി ഉറപ്പ് നൽകിയെന്നാണ് പാക് സർക്കാർ പറയുന്നത്.

കഴിഞ്ഞ ദിവസം ബഹിഷ്ക്കരണ വിഷയത്തിൽ, ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ ഐസിസി ഉന്നത ഉദ്യോഗസ്ഥരും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്  അധികൃതരും തമ്മിൽ അഞ്ച് മണിക്കൂറോളം നീണ്ട മാരത്തൺ ചർച്ച നടന്നിരുന്നു. ചർച്ചക്ക് ശേഷം, ഇന്ത്യയുമായുള്ള മത്സരം ബഹിഷ്ക്കരിയ്ക്കാനുള്ള തീരുമാനത്തിൽ നിന്ന് പാക്കിസ്ഥാൻ പിന്മാറുമോ ഇല്ലയോ എന്ന കാര്യം ഫെഡറൽ സർക്കാരുമായി ചർച്ച ചെയ്ത ശേഷം പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി ഇന്ന് അന്തിമ നിലപാട് അറിയിയ്ക്കുമെന്നാണ് പറഞ്ഞിരുന്നത്. ഐസിസി ഡെപ്യൂട്ടി ചെയർമാൻ ഇമ്രാൻ ഖ്വാജയുടെ നേതൃത്വത്തിലുള്ള സംഘം ലാഹോറിൽ നടത്തിയ ചർച്ചയിൽ പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വിയും  ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് അമിനുൽ ഇസ്ലാമും പങ്കെടുത്തിരുന്നു.

പൗരത്വ നിയമവുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് ഇന്ത്യയിൽ കളിക്കാൻ വിസമ്മതിച്ച ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് ഒഴിവാക്കി പകരം സ്കോട്ട്‌ലൻഡിനെ ഉൾപ്പെടുത്തിയതിലുള്ള പ്രതിഷേധമാണ് പാക്കിസ്ഥാൻ്റെ ഇന്ത്യയ്ക്കെതിരായുള്ള മത്സരബഹിഷ്ക്കരണ പ്രഖ്യാപനം. ബംഗ്ലാദേശിനോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ പാക് സർക്കാർ നൽകിയ നിർദ്ദേശമായിരുന്നു പ്രതിഷേധത്തിന് പിന്നിൽ.

മത്സരം ബഹിഷ്ക്കരിച്ചാൽ ഉണ്ടാകാവുന്ന കടുത്ത  പ്രത്യാഘാതങ്ങളെക്കുറിച്ച് ഐസിസി പിസിബിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. മത്സരത്തിൽ നിന്ന് പിന്മാറിയാൽ പാക്കിസ്ഥാൻ വൻതുക പിഴയായി നൽകേണ്ടി വരും. കൂടാതെ ഭാവിയിലെ ഐസിസി ടൂർണ്ണമെന്റുകളുടെ ആതിഥേയത്വം വഹിക്കാനുള്ള അവകാശവും പോയിന്റുകളും നഷ്ടമാകും. ഏകദേശം 2200 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഈ ഒരൊറ്റ മത്സരം നടക്കാതിരുന്നാൽ ഐസിസിക്ക് ഉണ്ടാവുക. ഇതോടെ പാക്കിസ്ഥാൻ തങ്ങളുടെ കർക്കശ നിലപാടിൽ അയവ് വരുത്തിയതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിയ്ക്കുന്നത്.

അതേസമയം, ബഹിഷ്ക്കരണത്തിൽ നിന്ന് പിന്മാറാൻ ചില ഉപാധികൾ പിസിബി ഐസിസിക്ക് മുന്നിൽ വെച്ചിരുന്നു. ടൂർണ്ണമെന്റിൽ നിന്ന് പുറത്തായ ബംഗ്ലാദേശിന് അർഹമായ നഷ്ടപരിഹാരം നൽകണം, ഭാവിയിലെ ഐസിസി ടൂർണ്ണമെന്റുകളുടെ വേദി നിശ്ചയിക്കുമ്പോൾ പരിഗണന നൽകുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. കൂടാതെ ഇന്ത്യയുമായുള്ള ഉഭയകക്ഷി പരമ്പരകൾ പുനരാരംഭിക്കാൻ ഐസിസി ഇടപെടണമെന്നുള്ള ആവശ്യവും പിസിബി ഉന്നയിച്ചിരുന്നു.

എന്നാൽ, ലോകകപ്പിലെ പങ്കാളിത്തം നഷ്ടമായതിലൂടെ ബംഗ്ലാദേശിനുണ്ടായ സാമ്പത്തിക നഷ്ടം നികത്താൻ അവർക്കായി ഒരു ത്രിരാഷ്ട്ര പരമ്പര വേണമെന്ന പാക്കിസ്ഥാന്‍റെ ആവശ്യം ഐസിസി തള്ളി. പകരം, അടുത്ത അണ്ടർ-19 ലോകകപ്പിന്‍റെ ആതിഥേയത്വം ബംഗ്ലാദേശിന് നൽകുന്ന കാര്യം ഐസിസി പരിഗണിക്കുമെന്നും  2028 നും 2031 നും ഇടയിൽ ഒരു ഐസിസി ടൂർണ്ണമെന്‍റ് ബംഗ്ലാദേശിൽ നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. ഐസിസിയുടെ വരുമാന വിഹിതത്തിൽ കുറവ് വരുത്തില്ലെന്നുമുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചതായും റിപ്പോർട്ടുണ്ട്.

ഇന്ത്യയുമായി ദ്വിരാഷ്ട്ര പരമ്പര പുനരാരംഭിക്കണമെന്ന പാക്കിസ്ഥാൻ്റെ ആവശ്യവും ഐസിസി പരിഗണിച്ചില്ല. ഇത്തരം തീരുമാനങ്ങൾ അതാത് രാജ്യങ്ങളിലെ സർക്കാരുകളുടെയും ക്രിക്കറ്റ് ബോർഡുകളുടെയും അധികാര പരിധിയിൽ വരുന്നതാണെന്നും അതിൽ ഇടപെടാൻ ഐസിസിക്ക് സാദ്ധ്യമല്ലെന്നുമാണ് അധികൃതർ വ്യക്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

2026-ലെ ഹജ്ജ് ഒരുക്കങ്ങൾക്ക് തുടക്കമിട്ട് സൗദി അറേബ്യ ; വിസാവിതരണം ആരംഭിച്ചു

ജിദ്ദ : 2026-ലെ ഹജ്ജ് തീർത്ഥാടനത്തിനുള്ള (1447 ഹിജ്റ വർഷം) ഒരുക്കങ്ങൾക്ക്...

ലൈംഗികാതിക്രമക്കേസ്: സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം സമർപ്പിച്ച് പോലീസ്

തിരുവനന്തപുരം :  ചലച്ചിത്ര പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ സംവിധായകൻ പിടി...

ശബരിമല സ്വർണ്ണക്കവർച്ച: എസ്ഐടിയ്ക്ക് പിറകെ നടൻ ജയറാമിനെ ചോദ്യം ചെയ്യാൻ ഇഡിയും; ഹാജരാകാൻ നോട്ടീസ്

കൊച്ചി: ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ നടൻ ജയറാമിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട്...