തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ പുതിയ വിവരങ്ങൾ പുറത്ത്. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി തനിക്ക് സ്വർണ്ണം വിറ്റത് 15 ലക്ഷം രൂപയ്ക്കാണെന്ന് ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർദ്ധൻ പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നൽകി. അതിന് അനുബന്ധമായ തെളിവുകളും കൈമാറി. ശബരിമലയിലെ സ്വർണ്ണപ്പാളികളുടെ പേരിൽ പലതവണയായി 70 ലക്ഷം രൂപ ഉണ്ണികൃഷ്ണൻ പോറ്റി വാങ്ങിയതായും മൊഴിയിലുണ്ട്.
ഉണ്ണികൃഷ്ണൻ പോറ്റി തന്നെ വഞ്ചിക്കുകയായിരുന്നെന്നാണ് ഗോവർദ്ധനൻ്റെ മൊഴി. ശബരിമലയിലെ വികസന പ്രവർത്തനങ്ങൾക്കെന്ന് പറഞ്ഞാണ് പോറ്റി പലതവണയായി പണം വാങ്ങിയത്. ശബരിമല വിവാദം ചൂടുപിടിച്ചതോടെ ചെന്നൈയിലും ബെംഗളൂവിലും എത്തി സ്പോൺസർമാരെ കാണാൻ ശ്രമിച്ചു. പണം നൽകിയ വിവരം പുറത്തു പറയരുതെന്ന് ആവശ്യപ്പെട്ടു. ശബരിമല വിഷയം തീർക്കാൻ തനിക്ക് കൂടുതൽ പണം വേണമെന്ന് പോറ്റി ആവശ്യപ്പെട്ടെന്നും ഗോവർദ്ധൻ മൊഴി നൽകിയിട്ടുണ്ട്.
