[Photo Courtesy : X]
വാഷിങ്ടൺ : റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളെ നേരിടാൻ വാഷിംഗ്ടണിനെ അനുവദിക്കുന്ന ഉഭയകക്ഷി ഉപരോധ ബില്ലിന് അംഗീകാരം നൽകി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതനുസരിച്ച് ഇന്ത്യയ്ക്കും ചൈനയ്ക്കുമുള്ള യുഎസ് താരിഫ് അടുത്ത ആഴ്ച ആദ്യം തന്നെ 500 ശതമാനം വരെ വർദ്ധിച്ചേക്കാമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ബുധനാഴ്ച നടന്ന സുപ്രധാനമായ ഒരു മീറ്റിംഗിൽ റഷ്യൻ യുറേനിയം വാങ്ങുന്ന രാജ്യങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തുന്ന നിയമനിർമ്മാണം പ്രസിഡന്റ് പാസാക്കിയതായി റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്‌സെ ഗ്രഹാം എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കുന്നുമുണ്ട്. അടുത്ത ആഴ്ച ആദ്യം തന്നെ ഇത് വോട്ടിനിടാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഗ്രഹാമും ഡെമോക്രാറ്റിക് സെനറ്റർ റിച്ചാർഡ് ബ്ലൂമെന്റലും തയ്യാറാക്കിയ ഈ നിയമനിർമ്മാണം, ചൈന, ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളുടെ മേൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വലിയ സ്വാധീനം ചെലുത്താനാകുമെന്നും പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് ഉക്രെയ്‌ൻ യുദ്ധത്തിന് ധനസഹായം നൽകുന്ന റഷ്യൻ എണ്ണ വിലക്കുറവിൽ വാങ്ങുന്നത് നിർത്താൻ ഇന്ത്യയേയും ബ്രസീലിനേയും പ്രോത്സാഹിപ്പിക്കുമെന്നും സൗത്ത് കരോലിന റിപ്പബ്ലിക്കൻ തന്റെ പോസ്റ്റിൽ പറയുന്നു.
റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിൽ ചൈനയ്ക്ക് ശേഷം ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യമായ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്ക് തീരുവ ചുമത്താനുള്ള തീരുമാനം ട്രംപ് സൂചിപ്പിച്ചതിനെത്തുടർന്ന്, മോസ്കോയിലേക്കുള്ള യുഎസ് ഊർജ്ജ ഉൽപ്പന്നങ്ങളുടെ കയറ്റുമതി നിരോധിക്കുകയും റഷ്യൻ ഊർജ്ജത്തിലെ നിക്ഷേപം തടയുകയും ചെയ്യുന്ന നിയമനിർമ്മാണത്തിന്മേലുള്ള വോട്ടെടുപ്പ് സെനറ്റ്, ഹൗസ് നേതാക്കൾ മാറ്റിവെച്ചു. കഴിഞ്ഞ വർഷം ട്രംപ് .ഇന്ത്യൻ ഇറക്കുമതിക്ക് 25 ശതമാനം പരസ്പര താരിഫ് ചുമത്തിയതിന് പുറമെ റഷ്യൻ എണ്ണ വാങ്ങുന്നതിന് 25 ശതമാനം അധിക പിഴയും ചുമത്തിയിരുന്നു. ചില ഉൽപ്പന്നങ്ങളുടെ മൊത്തം തീരുവ 50 ശതമാനം വരെ ഉയർത്തുകയും ചെയ്തു. ഈ നീക്കം ന്യൂഡൽഹിയും വാഷിംഗ്ടണും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു
തുടർച്ചയായ താരിഫുകൾ വർദ്ധിച്ചതിനെത്തുടർന്ന് ചൈനയും യുഎസും തമ്മിലുള്ള ബന്ധം വഷളായി. വാഷിംഗ്ടൺ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 145 ശതമാനം തീരുവ ചുമത്തുകയും ബീജിംഗ് അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് 125 ശതമാനം തീരുവ ചുമത്തുകയും ചെയ്തതും സംഭവ വികാസങ്ങളാണ്.
