കൊച്ചി : ഔദ്യോഗിക വാഹനം ഒഴിവാക്കി രാത്രിയിൽ സിറോ മലബാർ സഭ ആസ്ഥാനത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ രഹസ്യ സന്ദർശനം. കൊച്ചി കാക്കനാടുള്ള സിറോ മലബാർ സഭ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിലെത്തി സഭാ നേതൃത്വവുമായി സതീശൻ കൂടിക്കാഴ്ച നടത്തിയത് സഭയുടെ ഏറ്റവും നിർണ്ണായകമായ സിനഡ് യോഗം പുരോഗമിക്കുന്നതിനിടെ എന്നത് ശ്രദ്ധേയം. ബുധനാഴ്ച രാത്രി അമ്പതോളം ബിഷപ്പുമാർ പങ്കെടുക്കുന്ന സിനഡ് യോഗത്തിനിടയിൽ പ്രതിപക്ഷ നേതാവ് എത്തിയത് ഔദ്യോഗിക വാഹനങ്ങളും സുരക്ഷാ അകമ്പടിയും ഒഴിവാക്കി സ്വകാര്യ വാഹനത്തിലാണ്.
രാത്രി ഏകദേശം ഒൻപതേകാലോടെ എത്തിയ സതീശൻ ഒരു മണിക്കൂറിലധികം സഭാ നേതാക്കളുമായി ചർച്ച നടത്തി. മേജർ ആർച്ച് ബിഷപ്പുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയ ശേഷം അത്താഴവിരുന്നിലും പങ്കെടുത്ത ശേഷമാണ് മടങ്ങിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മധ്യകേരളത്തിൽ വിജയം ഉറപ്പാക്കാനായി കൈവിട്ടുപോയ ക്രൈസ്തവ വോട്ടുകൾ സമാഹരിക്കുക എന്ന തന്ത്രമാണ് സഭാ നേതൃത്വവുമായുള്ള ഈ കൂടിക്കാഴ്ചയ്ക്ക് പിന്നിലെന്ന് രാഷ്ട്രിയ നിരീക്ഷകർ വിലയിരുത്തുന്നു. സിറോ മലബാർ സഭയുടെ സുപ്രധാനമായ തീരുമാനങ്ങൾ എടുക്കുന്ന സിനഡ് യോഗ സമയത്ത് സഭാ നേതൃത്വം രാഷ്ട്രീയ നേതാക്കളെ കാണുന്നത് അപൂർവ്വമാണ്. അതുകൊണ്ടു തന്നെയാണ് പ്രതിപക്ഷ നേതാവിൻ്റെ ഈ സന്ദർശനം ഏറെ രാഷ്ട്രീയ ചർച്ചയാവുന്നതും.
