ചെന്നൈ: കരൂരിൽ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപയും പരിക്കേറ്റവർക്ക് രണ്ടു ലക്ഷം രൂപയും സഹായധനം പ്രഖ്യാപിച്ച് വിജയ്.
ദുരന്തത്തില്‍ 13 പുരുഷന്മാരും 17 സ്ത്രീകളും ഒമ്പതുകുട്ടികളുമുള്‍പ്പെടെ 39 പേരാണ് മരണപ്പെട്ടത്. പരിക്കേറ്റ് നിരവധി പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. പലരുടേയും നില ഗുരുതരമാണെന്ന് പറയുന്നു. സംസ്ഥാനവ്യാപകമായി വിജയ് നടത്തുന്ന പ്രചരണപരിപാടിയുടെ ഭാഗമായാണ് ശനിയാഴ്ച റാലി സംഘടിപ്പിച്ചത്. റാലിക്കായി വിവിധയിടങ്ങളില്‍ നിന്ന് ജനങ്ങള്‍ കൂട്ടത്തോടെ എത്തിയതോടെ നിയന്ത്രണാതീതമായ ആൾത്തിരക്കിലാണ് ദുരന്തമുണ്ടായത്.
“ഇത് നികത്താനാവാത്ത ഒരു നഷ്ടമാണ്. ആര് ആശ്വാസവാക്കുകൾ പറഞ്ഞാലും നമ്മുടെ പ്രിയപ്പെട്ടവരുടെ നഷ്ടം താങ്ങാനാവാത്തതാണ്. എന്നിരുന്നാലും, നിങ്ങളുടെ കുടുംബത്തിലെ ഒരംഗമെന്ന നിലയിൽ, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഓരോ കുടുംബത്തിനും 20 ലക്ഷം രൂപയും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് 2 ലക്ഷം രൂപയും നൽകാൻ ഞാൻ ഉദ്ദേശിക്കുന്നു. ഇത്രയും വലിയൊരു നഷ്ടത്തിന് മുന്നിൽ ഈ തുക ഒന്നുമല്ല. എങ്കിലും, ഈ നിമിഷത്തിൽ, എൻ്റെ പ്രിയപ്പെട്ടവരായ നിങ്ങളോടൊപ്പം നിൽക്കുക എന്നത് എൻ്റെ കടമയാണ്.’ വിജയ് എക്സിൽ കുറിച്ചു.
“കരൂരിൽ സംഭവിച്ചതിനെക്കുറിച്ച് ആലോചിക്കുമ്പോൾ, എൻ്റെ ഹൃദയം സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വിധത്തിൽ കടുത്ത വിഷമത്തിൽ നിറയുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിൻ്റെ അതിയായ ദു:ഖത്തിനിടയിൽ വാക്കുകൾ കിട്ടുന്നില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട് ദു:ഖിക്കുന്ന നിങ്ങൾക്ക് അഗാധമായ അനുശോചനം അറിയിക്കുന്നതോടൊപ്പം, ഈ വലിയ ദുഃഖത്തിൽ നിങ്ങളുടെ ഹൃദയങ്ങളോട് ചേർന്നുനിൽക്കുന്നു.”
“പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന എല്ലാ പ്രിയപ്പെട്ടവരും വേഗത്തിൽ സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങിയെത്താൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. അതോടൊപ്പം, ചികിത്സയിൽ കഴിയുന്ന പ്രിയപ്പെട്ടവർക്ക് ആവശ്യമായ എല്ലാ പിന്തുണയും തമിഴക വെട്രി കഴകം നൽകുമെന്നും ഞാൻ ഉറപ്പുനൽകുന്നു.”- വിജയ് വ്യക്തമാക്കി.