ന്യൂഡൽഹി : വോട്ട് കൊള്ള ആരോപണങ്ങൾ ഉന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് 300 ഓളം പ്രതിപക്ഷ എംപിമാർ നടത്തിയ മാർച്ച് സംഘർഷഭരിതം. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് ട്രാൻസ്പോർട്ട് ഭവന് മുന്നിൽ
പോലീസ് തടഞ്ഞു. എസ്പി നേതാവ് അഖിലേഷ് യാദവ് ഉൾപ്പെടെ നിരവധി എംപിമാർ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചു. രാഹുൽ ഗാന്ധി, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ജയറാം രമേശ് അടക്കമുള്ള എംപിമാരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ദേശീയ തലസ്ഥാനത്ത് വലിയ സംഘർഷമാണ് അരങ്ങേറിയത്. കൃത്രിമം കാണിച്ച് തെരഞ്ഞെടുപ്പ് ലക്ഷ്യങ്ങൾ സാദ്ധ്യമാക്കാൻ ബിജെപിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഒത്തുകളിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

പാർലമെന്റിന് സമീപത്തു നിന്ന് ആരംഭിച്ച മാർച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനമായ നിർബച്ചൻ സദനിലേക്കാണ് നീങ്ങിയത്. “സർ: ജനാധിപത്യ അവകാശങ്ങൾ മോഷ്ടിക്കുന്നു, വോട്ട് മോഷണം’ എന്നിങ്ങനെ എഴുതിയ പ്ലക്കാർഡുകളുമേന്തി എംപിമാർ സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ മുദ്രാവാക്യം വിളിച്ചു. മാർച്ച് പാതിവഴിയിൽ വെച്ച് പോലീസ് തടഞ്ഞു. എംപിമാർ റോഡിൽ ഇരുന്നു പ്രതിഷേധം തുടർന്നു.
നിരവധി എംപിമാർ പോലീസുമായി ഏറ്റുമുട്ടി. എസ്പി നേതാവ് അഖിലേഷ് യാദവ്, തൃണമൂൽ എംപിമാരായ മഹുവ മൊയ്ത്ര, സുസ്മിത ദേവ്, കോൺഗ്രസ് അംഗങ്ങളായ സഞ്ജന ജാതവ്, ജ്യോതിമണി എന്നിവരുൾപ്പെടെയുള്ള നേതാക്കൾ ബാരിക്കേഡുകൾ മറികടന്ന് മുദ്രാവാക്യം വിളിച്ചു. ഇതിനിടെ തൃണമൂൽ കോൺഗ്രസ് എംപിമാരായ മഹുവ മൊയ്ത്രയും മിതാലി ബാഗും ബോധരഹിതരായി. മിതാലി ബാഗിനെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.
“ഈ പോരാട്ടം രാഷ്ട്രീയമല്ല, ഭരണഘടനയെ രക്ഷിക്കാനുള്ളതാണ്. സത്യം മുഴുവൻ രാജ്യത്തിന്റെ മുന്നിലുണ്ട്” കസ്റ്റഡിയിലെടുക്കുമ്പോൾ രാഹുൽ ഗാന്ധി മാധ്യമപ്രവർത്തകരോട് പറഞ്ഞു. എസ്‌ഐആറിനെതിരായ പോരാട്ടം ജനങ്ങളുടെ വോട്ടവകാശം സംരക്ഷിക്കുന്നതിനാണെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു, “ബിജെപിയുടെ ഭീരുത്വം നിറഞ്ഞ സ്വേച്ഛാധിപത്യം നടക്കില്ല!” ഖാർഗെ കൂട്ടിച്ചേർത്തു.
മാർച്ചിൽ പങ്കെടുത്ത പ്രമുഖരിൽ ടി.ആർ. ബാലു (ഡി.എം.കെ), സഞ്ജയ് റൗട്ട് (എസ്.എസ്-യു.ബി.ടി), ഡെറക് ഒ’ബ്രയാൻ (ടി.എം.സി), കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര, സമാജ്‌വാദി പാർട്ടിയുടെ അഖിലേഷ് യാദവ്, ഡി.എം.കെ, ആർ.ജെ.ഡി, ഇടതുപക്ഷ പാർട്ടികൾ തുടങ്ങിയ പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള മറ്റ് എംപിമാർ എന്നിവരും ഉൾപ്പെടുന്നു.
സംഭവത്തിനിടെ മുപ്പത് എംപിമാരെ തെരഞ്ഞെടുപ്പ് കമ്മിഷൻ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചെങ്കിലും നേതാക്കൾ നിരസിച്ചു. മുഴുവൻ എംപിമാമാരുമായും ചർച്ച നടത്തണമെന്നാണ് കോൺഗ്രസ് ആവശ്യം. വിഷയം പാർലമെന്റിലും പ്രതിപക്ഷം ഉന്നയിച്ചു. പ്രതിപക്ഷബഹളത്തിൽ ഇരുസഭകളും തടസ്സപ്പെട്ടു.