ടെഹ്‌റാൻ : ‘യാ ലാ തരത് അൽ ഹുസൈൻ’ എന്ന് രേഖപ്പെടുത്തിയ ചുവന്ന പതാക ഇറാനിലെ ജംകരാൻ പള്ളിയിൽ ഉയർന്നിരിയ്ക്കുന്നു. ‘ഹുസൈനു വേണ്ടി പ്രതികാരം ചെയ്യുന്നവരേ’ എന്ന അർത്ഥം ഉദ്ഘോഷിയ്ക്കുന്ന ഈ ചുവന്ന കൊടി പ്രതികാരത്തിന്റെ അടയാളമായാണ് ഇറാൻ ഉയർത്തുന്നത്. ഇസ്രയേലിന്റേയും അമേരിക്കയുടേയും സംയുക്ത ആക്രമണത്തിൽ അവർക്ക് നഷ്ടപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയുടെ കൊലപാതകത്തിന് കനത്ത തിരിച്ചടി നൽകുമെന്നതിൻ്റെ സൂചനയായാണ് പള്ളിയിൽ ഉയർന്ന ഈ ചുവന്ന പതാകയെ അന്താരാഷ്ട്ര മാധ്യമങ്ങൾ വിലയിരുത്തുന്നത്.
ഖ്വാമിലെ ജംകരാൻ പള്ളിയുടെ മിനാരത്തിൽ ചെങ്കൊടി ഉയർത്തുന്നതിന്റെ വീഡിയോ ഞായറാഴ്ചയാണ് പുറത്തുവന്നത്. ജംകരാൻ പള്ളിയുടെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പ്രത്യക്ഷപ്പെട്ട വീഡിയോയിലൂടെയാണ് ലോകം ഇതറിയുന്നത്. അമേരിക്കൻ-സയണിസ്റ്റ് കുറ്റവാളികളോട് പ്രതികാരം ചെയ്യും എന്ന സന്ദേശവും വീഡിയോയ്‌ക്കൊപ്പം കുറിച്ചിട്ടുണ്ട്.
ഷിയാ പാരമ്പര്യം അനുസരിച്ച് ചിന്തിയ ചോരയ്ക്ക് പകരം ചോദിക്കുമെന്നതിന്റെ മതപരവും സൈനികവുമായ പ്രതീകമാണ് ചുവന്ന പതാക. പ്രതികാരത്തിന്റേയും ക്രോധത്തിന്റേയും അടയാളമായാണ് അവർ പള്ളിമിനാരത്തിന് മുകളിൽ ചെങ്കൊടി ഉയർത്തുന്നത്. . പരമോന്നത നേതാവിന്റെ രക്തത്തിന് പകരം ചോദിക്കാൻ അതിശക്തമായ ആക്രമണത്തിന് ഇറാൻ മുതിരുന്നു എന്ന സന്ദേശമാണ് ഇതിൽ നിന്ന് വായിച്ചെടുക്കുന്നത്.
മുൻപും ജംകരാൻ പള്ളിയിൽ പ്രതികാരത്തിന്റെ ഈ ചുവന്ന പതാക ഉയർന്നിട്ടുണ്ട്. 2020 ജനുവരിയിലാണ് ഇറാൻ ആദ്യമായി പ്രതികാരത്തിന്റെ പതാക ഉയർത്തിയത്. ജനറൽ ഖാസിം സൊലൈമാനിയെ യുഎസ് ഡ്രോൺ ആക്രമണത്തിൽ വധിച്ചപ്പോഴായിരുന്നു ഇത്. 2024 ജൂലൈയിൽ ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയെ ടെഹ്‌റാനിൽ വെച്ച് ഇസ്രയേൽ വധിച്ചപ്പോഴും 2024 ഏപ്രിലിൽ ഇസ്രയേലുമായുള്ള സംഘർഷത്തിനിടയിലും ജംകരാൻ പള്ളിയിൽ ചുവന്ന പതാക ഉയർന്നിരുന്നു. കഴിഞ്ഞ വർഷം ജൂണിൽ ഇസ്രയേൽ ആക്രമണ സമയത്ത് ജനറൽ ഖാസിം സൊലൈമാനിയെ യുഎസ് ഡ്രോൺ ആക്രമണത്തിൽ വധിച്ചപ്പോഴും ചെങ്കൊടി ഉയർത്തിയിരുന്നു. ഇതല്ലാതെ, ഇമാം ഹുസൈന്റെ രക്തസാക്ഷിത്വത്തിലുള്ള ദു:ഖാചരണത്തിൻ്റെ ഭാഗമായി എല്ലാവർഷവും മുഹറത്തോടനുബന്ധിച്ച് പത്ത് ദിവസം ചുവന്ന പതാക ഉയർത്തുന്ന പതിവ് ഇറാനിലുണ്ട്.
