ചെന്നൈ : തമിഴ് നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ നിർണ്ണായക നീക്കങ്ങളുമായി സി. ജോസഫ് വിജയ്. ഗാർഹിക ഉപഭോക്താക്കൾക്ക് 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുന്നതിനുള്ള ഫയലിൽ ആദ്യം ഒപ്പിട്ട വിജയ്, സ്ത്രീ സുരക്ഷയ്ക്കായുള്ള പ്രത്യേക സേനയെ സൃഷ്ടിക്കുന്നതിനുള്ള മറ്റൊരു ഫയലിനും അംഗീകാരം നൽകി. ടിവികെയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ എത്രയും വേഗം നിറവേറ്റുന്നതിനുള്ള നടപടികളാണ് വിജയ് നടത്തുന്നതെന്ന ധ്വനി പടർത്താൻ ഈ നീക്കം ഏറെ ഉപകാരപ്രദമായി എന്നു വേണം കരുതാൻ.
സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം വിജയ് നടത്തിയ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളിയായ ദ്രാവിഡ മുന്നേറ്റ കഴകത്തെ (ഡിഎംകെ) ലക്ഷ്യം വച്ചുള്ളതായിരുന്നു. 2021-2026 കാലയളവിലെ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഒരു ധവളപത്രം പുറത്തിറക്കുമെന്ന് അദ്ദേഹം പറഞ്ഞു.
“ഡിഎംകെ സർക്കാർ നമ്മെ 10 ലക്ഷം കോടി രൂപയുടെ കടത്തിലാക്കി. മുൻ സർക്കാർ എത്ര കടം ബാക്കി വെച്ചിട്ടുണ്ട്. അവർ എന്റെ മേൽ എത്ര ഭാരം അവശേഷിപ്പിച്ചു എന്ന് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു,” അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് വിജയ്, സുതാര്യമായ ഭരണം നൽകുമെന്ന് വാഗ്ദാനം ചെയ്യുകയും തന്റെ പാർട്ടി പ്രകടന പത്രികയിൽ നൽകിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.
“നിങ്ങൾ എനിക്ക് അവസരവും പിന്തുണയും നൽകിയാൽ എന്റെ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റാൻ ഞാൻ ശ്രമിക്കും.” സദസ്സിന്റെ കരഘോഷത്തിനിടയിൽ അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസം, ഭക്ഷ്യവിതരണം, ആരോഗ്യ സംരക്ഷണം, സ്ത്രീ സുരക്ഷ എന്നിവ തന്റെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളായിരിക്കുമെന്ന് വിജയ് ആവർത്തിച്ചു.
മുഖ്യമന്ത്രിയായി അധികാരമേറ്റതിനു ശേഷമുള്ള തന്റെ ആദ്യ പ്രസംഗത്തിൽ, സർക്കാരിന്റെ സ്ഥിരതയെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാനും വിജയ് ശ്രമിച്ചു. ഒന്നിലധികം അധികാര കേന്ദ്രങ്ങൾ ഉണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഭരണത്തിൽ താൻ ഏക അധികാരിയായി തുടരുമെന്നും കൂട്ടിച്ചേർത്തു. 234 അംഗ തമിഴ്നാട് നിയമസഭയിൽ സർക്കാരിന് നേരിയ ഭൂരിപക്ഷമേ ഉള്ളൂ എന്നതിനാലും, ഒന്നിലധികം ചെറു പാർട്ടികൾ സർക്കാരിനെ നിലനിർത്തുന്നതിനാലും അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്ക് ഏറെ പ്രാധാന്യമുണ്ട്.
