ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രിയായി സി ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്ത് തൊട്ടടുത്ത മണിക്കൂറിൽ തന്നെ പിന്തുണ വാഗ്ദാനം ചെയ്തവരിൽ നിന്ന് തന്നെ വിമർശനവും ഏറ്റുവാങ്ങി. ചെന്നൈയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഗാനങ്ങൾ ആലപിച്ച ക്രമത്തിനെതിരെ കടുത്ത വിമർശനമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) പ്രകടിപ്പിച്ചത്. തമിഴ് നാടിൻ്റെ സംസ്ഥാന ഗാനത്തിന്
മുൻഗണന നൽകിയില്ലെന്നാരോപിച്ചായിരുന്നു വിമർശനം.
ഞായറാഴ്ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ദേശീയ ഗാനമായ ‘വന്ദേമാതരം’ ആണ് ആദ്യം ആലപിച്ചത്. തുടർന്ന് ദേശീയ ഗാനമായ ‘ജന ഗണമന’യും പിന്നെ സംസ്ഥാന ഗാനമായ ‘തമിഴ് തായ് വാഴ്ത്തും’. സർക്കാർ ചടങ്ങുകളുടെ പ്രോട്ടോക്കോളിൽ ‘തമിഴ് തായ് വാഴ്ത്ത്’ എന്ന ഗാനത്തിന് പ്രഥമ സ്ഥാനം നൽകണമെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി എം വീരപാണ്ഡ്യൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടത്. തമിഴ്‌നാട്ടിലെ സർക്കാർ ചടങ്ങുകൾ പരമ്പരാഗതമായി ‘തമിഴ് തായ് വാഴ്ത്തു’ എന്ന ഗാനത്തോടെ ആരംഭിച്ച് ദേശീയഗാനത്തോടെ അവസാനി പ്പിക്കുന്നതാണ് പതിവെന്ന് വീരപാണ്ഡ്യൻ ചൂണ്ടിക്കാട്ടി.
“സത്യപ്രതിജ്ഞാ ചടങ്ങിൽ ‘വന്ദേമാതര’ത്തിന് പ്രാധാന്യം നൽകാനും തമിഴ് പ്രാർത്ഥനയ്ക്ക് മൂന്നാം സ്ഥാനം നൽകാനും ലോക് ഭവന്റെ നിർദ്ദേശപ്രകാരം എടുത്തതായി ആരോപിക്കപ്പെടുന്ന തീരുമാനം സ്ഥാപിത പാരമ്പര്യത്തിന്റെ ലംഘനമാണ്.” അദ്ദേഹം ആരോപിച്ചു.
2026 ജനുവരിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച നിർദ്ദേശപ്രകാരം വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ “വന്ദേമാതരം” എന്ന ഗാനത്തിന്റെ ആറ് ഖണ്ഡികകൾ പൂർണ്ണമായി ആലപിച്ചു എന്നത് ശ്രദ്ധേയമാണ്. ഈ തീരുമാനത്തിന് ആരാണ് ഉത്തരവാദിയെന്ന് തമിഴ്‌നാട് സർക്കാർ പരസ്യമായി വ്യക്തമാക്കണമെന്ന് വീരപാണ്ഡ്യൻ ആവശ്യപ്പെട്ടു. പുതുതായി രൂപീകരിച്ച തമിഴക വെട്രി കഴകം സർക്കാരിനോട് ‘തമിഴ് തായ് വാഴ്ത്ത്’ അതിന്റെ ശരിയായ സ്ഥാനത്ത് പുന: സ്ഥാപിക്കണമെന്നും അത്തരമൊരു സംഭവം ആവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
108 സീറ്റുകളുമായി ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയെങ്കിലും 234 അംഗ തമിഴ്‌നാട് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഇടത്പക്ഷ പാർട്ടിയായ സിപിഐയുടെ കൂടി പിന്തുണയോടെയാണ് ഞായറാഴ്ചത്തെ മഹത്തായ സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. സിപിഐയ്ക്ക് പുറമെ, കോൺഗ്രസ്, വിടുതലൈ ചിരുതൈഗൽ കക്ഷി (വിസികെ), സിപിഐ(എം), ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് (ഐയുഎംഎൽ) എന്നിവരുടെ പിന്തുണയോടുകൂടിയാണ് ടിവികെ 120 എന്ന അംഗസംഖ്യ തികച്ച് സർക്കാർ രൂപീകരിക്കുന്നതിനുള്ള ഭൂരിപക്ഷമായ 118 എന്ന മാന്ത്രിക സംഖ്യ മറികടന്നത്.
