വാഷിങ്ടൺ : യുഎസ് – ചൈന വ്യാപാര സംഘർഷങ്ങക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈനീസ് ഇറക്കുമതിക്ക് 145 ശതമാനം തീരുവ വർദ്ധിപ്പിച്ചുകൊണ്ടാണ് ട്രംപ് ചൈനയുമായുള്ള താരീഫ് യുദ്ധത്തിന് തുടക്കമിട്ടത്. പകരം, താരിഫുകളിൽ വർദ്ധനവ് വരുത്തിയും കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും ചൈനയും തിരിച്ചടി മോശമാക്കിയില്ല.
തുടർന്ന്, ചൈനീസ് പ്രസിഡൻ്റിന് മുൻപിൽ അമേരിക്കൻ പ്രസിഡൻ്റ് വഴങ്ങി. മെയ് മാസത്തിൽ നടന്ന ചർച്ചയിൽ നടപടികൾ ലഘൂകരിക്കാൻ ട്രംപ് തീരുമാനിച്ചു, ഒപ്പം ചൈനയും. ഫെന്റനൈൽ-ലിങ്ക്ഡ്, പരസ്പര താരിഫുകൾ നിലനിർത്തിക്കൊണ്ട് യുഎസ് മിക്ക തീരുവകളും അടിസ്ഥാന നിരക്കിൽ 30 ശതമാനമായി കുറച്ചു. നവംബർ വരെ നീട്ടിയിരിക്കുന്ന ഉടമ്പടി പ്രകാരം ചൈനയും ചില കാര്യങ്ങളിൽ ഇളവ് വരുത്തി.
വിലപേശൽ അമേരിക്കക്ക് ആവാം, ചൈനക്ക് ആയിക്കൂടാ!
ട്രൂത്ത് സോഷ്യലിൽ ട്രംപ് പോസ്റ്റ് ചെയ്ത കുറിപ്പ് തന്നെയാണ് ഇതിനാധാരം. യുഎസ് താരീഫിന് മറുപടിയായി ചൈന എടുത്ത തീരുമാനം അമേരിക്കൻ സോയാബീൻ കർഷകരെ വേദനിപ്പിച്ചിട്ടുണ്ടെന്നാണ് ട്രൂത്ത് സോഷ്യലിൽ ട്രംപ് പോസ്റ്റ് ചെയ്തത്. കൂടെ, ചൈന ഈ നീക്കത്തെ വിലപേശൽ തന്ത്രമായി ഉപയോഗിക്കുകയാണെന്നും അമേരിക്കൻ പ്രസിഡൻ്റ് ആരോപിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരു ചർച്ചക്ക് ചൈന വഴങ്ങുന്നില്ലെന്നും ട്രംപ് കുണ്ഠിതപ്പെടുന്നു.
ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയിൽ സോയാബീനും മറ്റ് വിളകളും ഒരു പ്രധാന ചർച്ചാ വിഷയമായിരുക്കുമെന്ന് ട്രംപ് കർഷകർക്ക് വാഗ്ദാനം നൽകിയിട്ടുണ്ട്. താരിഫ് വർദ്ധന കോടിക്കണക്കിന് ഡോളർ വരുമാനം ഉണ്ടാക്കിയിട്ടുണ്ടെന്നും അതിൽ ഒരു ഭാഗം കർഷകരുടെ നഷ്ടം നികത്താൻ ഉപയോഗിക്കാനാണ് തൻ്റെ പദ്ധതിയെന്നും അദ്ദേഹം പറയുന്നു.
കാർഷിക കയറ്റുമതിയിൽ അമേരിക്കയുടെ മുഖ്യ ഇനമായ സോയാബീൻ ഉൾപ്പെടെയുള്ള കാർഷിക ഉൽപ്പന്നങ്ങളുടെ വാങ്ങലുകൾ കുറയ്ക്കുക എന്നതാണ് ബീജിംഗിന്റെ പ്രതിരോധ നടപടികളിൽ പ്രധാനം. ഏപ്രിൽ മുതൽ ചൈന യുഎസ് സോയാബീൻ വാങ്ങിയിട്ടില്ലെന്നാണ് റിപ്പോർട്ട്. ട്രംപ് ഭരണകൂടം നിലവിലെ താരിഫ് നിരക്കിനെ അമേരിക്കയ്ക്ക് അനുകൂലമായി പ്രവർത്തിക്കുന്ന ഒരു ‘സ്റ്റാറ്റസ് കോ’ ആയിട്ടാണ് വിശേഷിപ്പിക്കുന്നത്. “ചൈനീസ് ഇറക്കുമതിക്ക് ഏകദേശം 55 ശതമാനം താരിഫ് ഏർപ്പെടുത്തുന്നത് ഒരു നല്ല സ്റ്റാറ്റസ് കോ” ആണെന്ന് യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീർ ചൊവ്വാഴ്ച പറഞ്ഞുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇത് ബീജിംഗുമായുള്ള നിലവിലെ കരാർ ആയിട്ടാണ് പ്രസിഡന്റ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഏകപക്ഷീയമായുള്ള ട്രംപിൻ്റെ ഈ നിലപാടുകളെ ഏത് രീതിയിലാണ് കൂടിക്കാഴ്ചയിൽ ഷി ജിൻപിങ് കൈകാര്യം ചെയ്യുക എന്നത് കണ്ടു തന്നെയറിയണം.
